ബിജെപി പ്രസിഡന്റ്: പ്രഖ്യാപനം നീളും

Mail This Article
തിരുവനന്തപുരം∙ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം വൈകുമെന്ന് സൂചന. ദേശീയ പ്രസിഡന്റ് പ്രഖ്യാപനം മാർച്ചിലേക്ക് മാറ്റിയെന്നു ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതുവരെ 11 സംസ്ഥാനങ്ങളിൽ സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 36 പ്രസിഡന്റുമാരിൽ 16 പേരെയെങ്കിലും പ്രഖ്യാപിച്ചാൽ മാത്രമേ ദേശീയ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ. ആന്ധ്ര, ബിഹാർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യങ്ങളാകാം ദേശീയ പ്രസിഡന്റ് പ്രഖ്യാപനം വൈകുന്നതിനു കാരണം എന്നാണ് നേതാക്കളുടെ വിശദീകരണം.
-
Also Read
പാക്ക് പൗരനെതിരെ കേസെടുത്ത് അസം പൊലീസ്
സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതിൽ കേരളത്തിലെ ബിജെപിയിൽ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചതിൽ ഒരിടത്തു മാത്രമാണ് നിലവിലുള്ള പ്രസിഡന്റിനോട് തുടരാൻ നിർദേശിച്ചത്. അത് അവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ്. കെ.സുരേന്ദ്രനോട് തുടരാൻ നിർദേശിക്കുമെന്ന പ്രതീക്ഷയിലാണ് ആ പക്ഷം. എന്നാൽ, പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണു ഭൂരിപക്ഷം നേതാക്കളും കരുതുന്നത്. രാജീവ് ചന്ദ്രശേഖർ, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ ഇവരിലൊരാളാകുമെന്നാണ് ഇവരിൽ കൂടുതൽ പേരുടെയും പ്രതീക്ഷ.