ADVERTISEMENT

ന്യൂഡൽഹി ∙ചിതറിക്കിടക്കുന്ന ചെരുപ്പുകൾ, വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണപ്പൊതികൾ...കഴിഞ്ഞ രാത്രി അപകടത്തിനുശേഷമുള്ള സ്റ്റേഷനിലെ ദൃശ്യങ്ങൾ കാണുമ്പോൾതന്നെ ശ്വാസംമുട്ടും. ദുരന്തത്തിന്റെ നടുക്കം മാറാത്ത ആ പ്ലാറ്റ്ഫോമിൽ ഇന്നലെ എത്തിയപ്പോൾ വീണ്ടും ജനപ്രവാഹം. തലേന്നു നടന്ന ദുരന്തം മറന്നപോലെ ആൾക്കൂട്ടം തിക്കിത്തിരക്കുന്നു, ആദ്യമെത്താനുള്ള ഓട്ടം, ജനാലകളിലൂടെ നൂഴ്ന്നു കയറാനുള്ള പരാക്രമം..ആൾക്കൂട്ടപ്പൊരിച്ചിലിൽ വിസിൽ മുഴക്കി കൂടുതൽ പൊലീസുകാരും ആർപിഎഫ് സേനാംഗങ്ങളും രംഗത്തിറങ്ങിയെന്നതാണു വ്യത്യാസം.

പ്രയാഗ്‌രാജ് എക്സ്പ്രസിൽ യാത്ര ചെയ്യാനായി പതിനായിരങ്ങളാണു കഴിഞ്ഞരാത്രി സ്റ്റേഷനിലെത്തിയത്. ട്രെയിൻ വൈകുന്നതിലുള്ള അമർഷം പുകയുന്നതിനിടെയാണു പ്രയാഗ്‌രാജ് സ്പെഷൽ ട്രെയിൻ പതിനാറാമത്തെ പ്ലാറ്റ്ഫോമിലേക്ക് എന്ന അറിയിപ്പ് വന്നത്. പേരിലെ സാമ്യം ഇതു പ്രയാഗ്‌രാജ് എക്സ്പ്രസാണെന്നു തെറ്റിദ്ധരിപ്പിച്ചു. 14,15 പ്ലാറ്റ്ഫോമിലെ ഇടുങ്ങിയ പടികളിലൂടെ ജനം തിക്കിത്തിരക്കി 16–ാം പ്ലാറ്റ്ഫോമിലെക്കു കുതിച്ചു.

ഇതാണ് അപകടത്തിനു കാരണമായതെന്നു 12 വർഷമായി പ്ലാറ്റ്‌ഫോമിൽ കച്ചവടം ചെയ്യുന്ന രവികുമാർ പറഞ്ഞു. പാളത്തിലേക്കുവീണും യാത്രക്കാർക്കു പരുക്കേറ്റു. 15 മിനിറ്റിനുശേഷം തിരക്കൊഴിയുമ്പോൾ നിലത്തുവീണുകിടക്കുന്ന ആളുകളെയാണു കണ്ടത്. അമിതമായ തിരക്ക് രാത്രി 8 മുതൽ വ്യക്തമായിട്ടും നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നു ദൃക്സാക്ഷികൾ പറയുന്നു. 

തിരക്കുകണ്ട് മടങ്ങി, ജീവൻ തിരിച്ചുകിട്ടി

ആൾക്കൂട്ടം കണ്ടു സ്റ്റേഷനിൽനിന്ന് മടങ്ങിയ പഹാഡ്ഗഞ്ച് സ്വദേശിയായ വേദ് പ്രകാശിന് ആശ്വാസം. പ്രയാഗ് രാജിലേക്ക് തിരിച്ച വേദ് പ്രകാശിനും ഭാര്യയ്ക്കും സ്റ്റേഷന്റെ അകത്തുകയറി ഓവർ ബ്രിഡ്ജിലേക്ക് എത്തയപ്പോഴേക്കും ശ്വാസം മുട്ടി. ‘ഞങ്ങൾ നടക്കുകയല്ലാതിരുന്നു, ജനം തള്ളി നീക്കുകയായിരുന്നു. പലപ്പോഴും കാലുകൾ നിലത്തുമുട്ടിയില്ല. മുന്നിലുണ്ടായിരുന്ന ഒരു സ്ത്രീ വീഴുന്നതു കണ്ടു, അവരുടെ ദേഹത്തു ചവിട്ടിയാണ് ആളുകൾ പോയത്. അതോടെ പേടിയായി. എതിർവശത്തുനിന്ന് അജ്മീരി ഗേറ്റ് ഭാഗത്തുകൂടി പുറത്തിറങ്ങി. അതുകൊണ്ട് ജീവൻ ബാക്കികിട്ടി’– വേദ് പ്രകാശ് പറഞ്ഞു.

English Summary:

New Delhi Stampede: Chaos and injuries after train delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com