മോദിയെ ചങ്ങലയ്ക്കിട്ട നിലയിൽ: വിവാദമായി വികടൻ കാർട്ടൂൺ; വിലക്കിയില്ലെന്ന് വിശദീകരണം

Mail This Article
ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർട്ടൂൺ മുഖചിത്രമായി പ്രസിദ്ധീകരിച്ചതിനുപിന്നാലെ, മാധ്യമസ്ഥാപനം വികടന്റെ വെബ്‌സൈറ്റ് കേന്ദ്രസർക്കാർ തടഞ്ഞെന്ന് ആക്ഷേപം. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ വികടനെതിരെ പരാതി നൽകിയതിനുശേഷം വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
തുടർന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. സൈറ്റ് വിലക്കിയെന്ന അറിയിപ്പ് കേന്ദ്രസർക്കാരിൽനിന്ന് ഔദ്യോഗികമായി ലഭിച്ചില്ലെന്നു വ്യക്തമാക്കിയ വികടൻ അധികൃതർ, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിർഭയം നിലകൊള്ളുമെന്നും പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 6നു ശേഷമാണു വെബ്സൈറ്റ് മൊബൈൽ ഫോണുകളിൽ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നത്. കംപ്യൂട്ടറുകളിൽ തടസ്സമില്ലായിരുന്നു. ഏതാനും മണിക്കൂറിനുശേഷം സൈറ്റ് സാധാരണ നിലയിലായി.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ യുഎസിൽനിന്നു വിലങ്ങു വച്ച് നാട്ടിലെത്തിച്ച സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ 10നു പുറത്തിറങ്ങിയ ഓൺലൈൻ മാസികയിലാണ് മോദിയെ ചങ്ങലയ്ക്കിട്ട നിലയിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
ഡിഎംകെ എംപി ടി.ആർ.ബാലുവിനെതിരെ അപകീർത്തി വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഏതാനും ദിവസം മുൻപ് ‘ജൂനിയർ വികടൻ’ ആഴ്ചപ്പതിപ്പിനു മദ്രാസ് ഹൈക്കോടതി 25 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.