മണിപ്പുർ: തീവ്രവാദി സംഘടനാ നേതാക്കൾ അറസ്റ്റിൽ

Mail This Article
ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഭീകരസംഘടനകൾക്കെതിരായ നടപടി ശക്തം. നിരോധിത വിഘടന സംഘടനായ കാംഗ്ലൈപാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി) ചെയർമാൻ കെ.കെ.ഗാംബയെയെയും (70) സഹായിയെയും ഇംഫാൽ വെസ്റ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ചുരാചന്ദ്പുരിലും ഇംഫാൽ ഈസ്റ്റിലും നടത്തിയ തിരച്ചിലിൽ നിരോധിത ലിബറേഷൻ ആർമി ഓഫ് മണിപ്പുരിന്റെ കേഡർ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കാങ്പോപ്കി ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ക്യാംപിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി.
രാഷ്ട്രപതി ഭരണത്തെ സ്വാഗതം ചെയ്തും ഗോത്ര മേഖലകൾക്ക് പ്രത്യേക ഭരണപ്രദേശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുക്കികൾ ഇന്നലെ നടത്താനിരുന്ന സമാധാന റാലി പിൻവലിച്ചു. മണിപ്പുർ ചീഫ് സെക്രട്ടറി നേരിട്ടെത്തി നടത്തിയ അഭ്യർഥനയെത്തുടർന്നാണ് റാലി മാറ്റിയത്. കുക്കികളുടെ റാലിക്ക് മറുപടിയായി പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാരും പ്രതിഷേധനം നടത്താൻ ആലോചിച്ച പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി അടിയന്തരമായി ചുരാചന്ദ്പുരിലെത്തിയത്.