ആയുധങ്ങൾ മടക്കിനൽകി കുക്കികൾ; കൈമാറിയവയിൽ എം16, എകെ 47, ഇൻസാസ് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ കലാപനാളുകളിൽ കവർന്നെടുത്ത യന്ത്രത്തോക്കുകൾ ഉൾപ്പെടെ 16 ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ചുരാചന്ദ്പുരിൽ കുക്കികൾ അധികൃതർക്ക് കൈമാറി. എം16, എകെ 47, ഇൻസാസ് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും കൈമാറിയവയിൽപ്പെടും. ആയുധങ്ങൾ 7 ദിവസത്തിനകം കൈമാറണമെന്ന് ഗവർണർ അജയ് കുമാർ ബല്ല അന്ത്യശാസനം നൽകിയിരുന്നു.ജില്ലാ പൊലീസ്, അസം റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ ഇതിനായി ബോധവൽക്കരണം നടത്തി. ഗവർണർ ഇന്നലെ കുക്കി മേഖലയായ കാങ്പോക്പിയിൽ പൗരസംഘടനകളുമായി ചർച്ച നടത്തി. സംസ്ഥാനത്ത് സമാധാനം പുലരാൻ ആഗ്രഹിക്കുന്നതായി കുക്കി സംഘടനകൾ അറിയിച്ചു. കുക്കികൾ ആയുധങ്ങൾ കൈമാറിയതോടെ മെയ്തെയ് വിഭാഗക്കാരും കവർന്നെടുത്ത ആയുധങ്ങൾ കൈമാറുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പൊലീസിൽ നിന്നു കവർന്നെടുത്ത നാലായിരത്തോളം തോക്കുകൾ ഇപ്പോഴും മെയ്തെയ് വിഭാഗക്കാരുടെ കൈവശമുണ്ട്.