ഉയർന്ന പിഎഫ് പെൻഷൻ: 42% അപേക്ഷകളും തള്ളി ഇപിഎഫ്ഒ

Mail This Article
ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനായി നൽകിയ 17.49 ലക്ഷം അപേക്ഷകരിൽ 7.35 ലക്ഷം (42%) പേരും അയോഗ്യരെന്ന് ഇപിഎഫ്ഒ. സുപ്രീം കോടതി വിധി വന്ന് 2 വർഷത്തിലേറെയായിട്ടും 24,006 പേർക്കു മാത്രമാണ് ഉയർന്ന പെൻഷൻ നൽകിയത്. 2.14 ലക്ഷം അപേക്ഷകൾ ഇപിഎഫ്ഒയുടെ പരിശോധനയിലാണ്. 2.24 ലക്ഷം അപേക്ഷകൾ തൊഴിൽദാതാക്കൾ ഇപിഎഫ്ഒയ്ക്ക് ഇതുവരെ കൈമാറിയിട്ടില്ല.
പൂർണവിവരങ്ങൾക്കായി 3.92 ലക്ഷം അപേക്ഷകളാണ് തൊഴിൽദാതാക്കൾക്കു മടക്കിയയച്ചത്. 2.19 ലക്ഷം പേർക്കു തുക അടയ്ക്കാൻ ആവശ്യപ്പെട്ട് ഡിമാൻഡ് ലെറ്റർ അയച്ചു. ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കേരളം പിന്നിലാണ്. 27.35% അപേക്ഷകൾ മാത്രമാണു തീർപ്പാക്കിയത്. ദേശീയ തലത്തിൽ ഇത് 58.95 ശതമാനമാണ്. 72,712 അപേക്ഷകളിൽ 19,886 എണ്ണമാണ് തീർപ്പാക്കിയത്. ഇതിൽ ഡിമാൻഡ് ലെറ്റർ അയച്ചതും തള്ളിയ അപേക്ഷകളും ഉൾപ്പെടും.
വൻ സാമ്പത്തിക ബാധ്യതയെന്ന് ഇപിഎഫ്ഒ
ഉയർന്ന പിഎഫ് പെൻഷനു വേണ്ടി ജോയിന്റ് ഓപ്ഷൻ നൽകിയവരിൽ പകുതി പേരുടെ അപേക്ഷകൾ അനുവദിക്കാൻ തന്നെ ഇപിഎഫ്ഒയുടെ പെൻഷൻ ഫണ്ടിൽനിന്ന് 1.86 ലക്ഷം കോടി രൂപ ചെലവാകുമെന്ന് ഇപിഎഫ്ഒയുടെ കണക്ക്. ഉയർന്ന പെൻഷൻ നിഷേധിക്കാൻ ഏറെക്കാലമായി ഇപിഎഫ്ഒ ഉന്നയിക്കുന്ന വാദമാണിത്.
38,000 പേരുടെ അപേക്ഷകൾ സാംപിൾ പരിശോധന നടത്തിയപ്പോൾ മാത്രം ഫണ്ടിൽ 9500 കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നാണു വിലയിരുത്തൽ. മൊത്തം ഡേറ്റ ഉപയോഗിച്ച് എത്രത്തോളം അധികബാധ്യത വരുമെന്നു കണക്കാക്കുമെന്നും ഇപിഎഫ്ഒ അറിയിച്ചു. കഴിഞ്ഞ ദിവസം ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗവുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഇപിഎഫ്ഒ പങ്കുവച്ചത്.