ട്രെയിൻ റാഞ്ചലുകൾ വിദേശത്തും ഇന്ത്യയിലും

Mail This Article
1991 സെപ്റ്റംബർ നഖിചേവൻ
ഇറാൻ അതിർത്തിയിലെ സോവിയറ്റ് സ്വയംഭരണപ്രദേശമായ നഖിചേവനിൽ ട്രെയിൻ റാഞ്ചിയ അസർബൈജാൻ സംഘം 84 യാത്രക്കാരെ തടവിലാക്കി.
1997 മേയ് നെതർലൻഡ്സ്
നെതർലൻഡ്സിലെ ഡി പുന്ത് ഗ്രാമത്തിൽ തെക്കൻ ഇന്തോനീഷ്യയിലെ മാലുകു ദ്വീപിലെ ഗോത്രവർഗക്കാർ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചു നിർത്തി 50 യാത്രക്കാരെ ബന്ദികളാക്കി. 20 ദിവസത്തിനുശേഷം ഭീകരവിരുദ്ധ സ്ക്വാഡ് പ്രതിഷേധക്കാരെ വെടിവച്ചുകൊന്നു മോചിപ്പിച്ചു.
2006 ഡിസംബർ 10 കനുമഹാലി
ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലുള്ള കനുമഹാലി റെയിൽവേ സ്‌റ്റേഷനിൽ മുപ്പതോളം സായുധ മാവോയിസ്‌റ്റുകൾ ടാറ്റാ നഗർ-ഖരഗ്‌പൂർ പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്തു. അതേദിവസം മറ്റൊരു മാവോയിസ്‌റ്റ് സംഘം മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിൽ നാഗ്‌പുരിനു സമീപം ഗോണ്ടിയയിൽ ചരക്കുവണ്ടി തടഞ്ഞ് എൻജിൻ തീവച്ചു നശിപ്പിച്ചു.
2009 ഒക്ടോബർ 27 ബംഗാൾ
1200 യാത്രക്കാരുമായി ഭുവനേശ്വറിൽ നിന്നു ഡൽഹിയിലേക്കു പോയിരുന്ന രാജധാനി എക്‌സ്‌പ്രസ് ബംഗാളിലെ വനമേഖലയിൽ തടഞ്ഞ് ഡ്രൈവർമാരെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾ 5 മണിക്കൂർ നേരം രാജ്യത്തെ മുൾമുനയിൽ നിർത്തി. ഭീഷണിക്കു വഴങ്ങാതെ സൈനികനടപടിയുമായി മുന്നോട്ടുനീങ്ങിയ സർക്കാർ സിആർപിഎഫ് ഭടന്മാരെ ഉപയോഗിച്ചു നേരിട്ടതോടെ അക്രമികൾ പിൻവാങ്ങി. ഡ്രൈവർമാരെ വിട്ടയച്ചു. പശ്‌ചിമ മിഡ്‌നാപൂരിലെ ബൻസ്‌ഥല വനമേഖലയിലായിരുന്നു സംഭവം.
2009 ഏപ്രിൽ 21 ജാർഖണ്ഡ്
എഴുനൂറോളം യാത്രക്കാരുമായി പോവുകയായിരുന്ന ഗോമോ- മുഗൾസരായ് ട്രെയിൻ ജാർഖണ്ഡിലെ ലതേഹർ ജില്ലയിൽ മാവോയിസ്റ്റുകൾ പിടിച്ചെടുത്തു. യാത്രക്കാരുടെ നിരന്തര അഭ്യർഥനയെത്തുടർന്ന് 4 മണിക്കൂറിനുശേഷം ട്രെയിൻ വിട്ടുകൊടുത്ത് അവർ കടന്നുകളഞ്ഞു.