ഔറംഗസേബ് സ്മാരകം: പ്രതിഷേധം തള്ളി ആർഎസ്എസ്

Mail This Article
മുംബൈ ∙ ഔറംഗസേബിന്റെ സ്മാരകം പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തെ ആർഎസ്എസ് തള്ളിപ്പറഞ്ഞു. ഔറംഗസേബ് വിഷയം നിലവിൽ പ്രധാനമല്ലെന്നും സംഘർഷങ്ങൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.സ്മാരകത്തെച്ചൊല്ലി നാഗ്പുരിലുണ്ടായ സംഘർഷത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ച് മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തു.
ഹിന്ദു സംഘടനകൾ തിങ്കളാഴ്ച രാവിലെ നടത്തിയ റാലിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫഹീം ഖാന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. അന്നു വൈകിട്ടാണ് ഇരുവിഭാഗങ്ങൾ മണിക്കൂറുകളോളം ഏറ്റുമുട്ടിയത്. പൊലീസുകാർ ഉൾപ്പെടെ എഴുപതോളം പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. 1200ൽ അധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാഗ്പുരിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ തുടരുകയാണ്. കേസിൽ പ്രതികളായ എട്ട് വിഎച്ച്പി, ബജ്റങ് ദൾ പ്രവർത്തകർ കീഴ ടങ്ങി.
പൊലീസിനെതിരെ സംഘടിത കല്ലേറും പെട്രോൾ ബോംബ് ആക്രമണവും നടന്നതായും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിഷേധത്തിനിടെ ഖുർആൻ വചനം എഴുതിയ വസ്ത്രം കത്തിച്ചിട്ടില്ലെന്നും ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മാതൃക മാത്രമാണ് കത്തിച്ചതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. സ്മാരകം പൊളിച്ചുനീക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടക്കത്തിൽ പിന്തുണച്ച മുഖ്യമന്ത്രി ഫഡ്നാവിസ് സുരക്ഷ ഉറപ്പാക്കുമെന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു.