സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസിന് കൊടിയേറി; മേളപ്പെരുക്കത്തിൽ ആവേശത്തുടക്കം

Mail This Article
മധുര ∙ തമിഴകത്തിന്റെ തനതു ശൈലിയിൽ പെരിയമേളത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെയാണ് സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് തമുക്കം മൈതാനത്തു തുടങ്ങിയത്. കീഴ്‌വെൺമണിയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിയുടെ നേതൃത്വത്തിൽ എത്തിച്ച പതാക കൺട്രോൾ കമ്മിഷൻ ചെയർമാൻ എ.കെ.പത്മനാഭൻ ഏറ്റുവാങ്ങി. കുട്ടികൾ ഉൾപ്പെടെ അണിനിരന്ന റെഡ് വൊളന്റിയർ മാർച്ചിൽ ‘വെല്ലെട്ടും.. വെല്ലെട്ടും.. അഖില ഇന്ത്യ മാനാട് വെല്ലട്ടും..’ വിളികളുയർന്നു. മുതിർന്ന നേതാവ് ബിമൻ ബസു പതാകയുയർത്തി.പാർട്ടി പതാക കോർത്ത ബലൂണുകൾ പറത്തിയും ‘ഇങ്ക്വിലാബ്’ വിളിച്ചുമാണ് പാർട്ടി പ്രതിനിധികൾ ആരവത്തിൽ പങ്കെടുത്തത്. പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മുതിർന്ന നേതാക്കളും കൊടിമരച്ചുവട്ടിലുണ്ടായിരുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ പിണറായി വിജയൻ, എം.എ.ബേബി, എ.കെ.ബാലൻ, ഇ.പി.ജയരാജൻ, മുഹമ്മദ് റിയാസ് എന്നിവർ കുടുംബസമേതമാണു പങ്കെടുത്തത്. പിണറായിയുടെ കൊച്ചുമകൻ ഇഷാനും സദസ്സിൽ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു. പ്രധാന വേദിയുടെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കാൾ മാർക്സിന്റെ പ്രതിമ പാർട്ടി കോൺഗ്രസിനെത്തിയവരുടെ ‘സെൽഫി പോയിന്റായി’ മാറി. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ കയ്യിലേന്തി കസേരയിൽ ഇരിക്കുന്ന കാൾ മാർക്സിന്റെ പ്രതിമയ്ക്കൊപ്പം ഫോട്ടോയെടുക്കാനുള്ള സംവിധാനമാണു മധുര എംപി എസ്.വെങ്കിടേശന്റെ നേതൃത്വത്തിൽ ഒരുക്കിയത്. ചിത്രകാരനും കലാകാരനുമായ വി.ശരൺരാജ് കളിമണ്ണും ഫൈബർ ഗ്ലാസും ചേർത്താണു പ്രതിമ തയാറാക്കിയത്.
പാർട്ടി കോൺഗ്രസിൽ ഇന്നു തമിഴ്നാട് മുഖ്യമന്ത്രി
‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ ഇന്നു വൈകിട്ട് 5നു നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ എന്നിവരും സെമിനാറിൽ പങ്കെടുക്കും. ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ചെന്നൈയിൽ കഴിഞ്ഞ മാസം നടന്ന സംയുക്ത കർമ സമിതി യോഗത്തിലും പിണറായിയും സ്റ്റാലിനും പങ്കെടുത്തിരുന്നു.