‘ഫെഡറലിസത്തോട് കേന്ദ്രത്തിന് അലർജി’: കേന്ദ്രത്തിനെതിരെ പോരാടാൻ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ

Mail This Article
മധുര ∙ കേന്ദ്ര സർക്കാർ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് കേരള – തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി.സുധാകറും കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു.
ഫെഡറലിസം എന്ന വാക്കിനോട് കേന്ദ്രസർക്കാരിന് അലർജിയാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസത്തിനുമായി തുടർച്ചയായി പോരാടുമെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ വേണമെന്നു പിണറായി വിജയൻ പറഞ്ഞു.
റിപ്പബ്ലിക് രൂപീകരണത്തിനു ശേഷം ഫെഡറലിസത്തിനായി ഇത്രയേറെ ശബ്ദമുയർത്തേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നു സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.
ചെന്നൈയിൽ മാർക്സിന്റെ പ്രതിമ സ്ഥാപിക്കും: സ്റ്റാലിൻ
കാൾ മാർക്സിന്റെ പ്രതിമ ചെന്നൈയിൽ സ്ഥാപിക്കുമെന്നു സ്റ്റാലിൻ അറിയിച്ചു. ഫോർവേഡ് ബ്ലോക്ക് നേതാവ് പി.കെ.മൂഖ്യ തേവറിന് മധുര ജില്ലയിലെ ഉസിലംപട്ടിയിൽ സ്മാരക മന്ദിരം നിർമിക്കുമെന്നും പറഞ്ഞു. കമ്യൂണിസ്റ്റ്കാരനാണെന്നു പറയുന്നതിൽ പിതാവ് എം.കരുണാനിധി അഭിമാനിച്ചിരുന്നെന്നും ഡിഎംകെയുടെ കൊടിയുടെ പകുതി ചുവപ്പായതു പോലെ പ്രവർത്തകരിൽ പകുതിയും കമ്യൂണിസ്റ്റു വിഭാഗത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.