ഗവർണർക്ക് വിവേചനാധികാരമില്ല; വീറ്റോ ചെയ്യാനാവില്ല

Mail This Article
ന്യൂഡൽഹി ∙ ഭരണഘടനയുടെ 200–ാം വകുപ്പു പ്രകാരം ഗവർണർക്കു വിവേചനാധികാരമില്ലെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അധികാരം വീണ്ടും ഉറപ്പിച്ചത്. ‘മന്ത്രിസഭയുടെ ഉപദേശാനുസരണമാണു ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കു സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകൾ വീറ്റോ ചെയ്യുന്നതിനു ഭരണഘടന അനുവദിക്കുന്നില്ല’ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.
‘തിരികെ അയച്ച ബില്ലുകൾ മാറ്റമില്ലാതെ നിയമസഭ വീണ്ടും അയച്ചാൽ അതിൽ അനുമതി നൽകണമെന്നു വ്യക്തമാണ്. രണ്ടാമതു ബിൽ സമർപ്പിക്കുമ്പോൾ അതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ മാത്രമാണ് ഇതിന് അപവാദം’ സുപ്രീം കോടതി വിശദീകരിച്ചു. വകുപ്പിൽ ‘എത്രയും വേഗം’ എന്ന പരാമർശം വ്യക്തമാക്കുന്നതു വിഷയത്തിലെ അടിയന്തര സ്വഭാവമാണെന്നും കോടതി വിലയിരുത്തി. തമിഴ്നാട് സർക്കാർ രണ്ടാമതും ബില്ലുകൾ നൽകിയപ്പോൾ അതു രാഷ്ട്രപതിക്ക് അയച്ച നടപടി നിയമവിരുദ്ധമാണെന്നു കോടതി ഉത്തരവിട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗവർണർ അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണു പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്കു വിവേചനാധികാരമില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും അധികാരത്തെ ബാധിക്കുന്ന ബില്ലുകളുടെ കാര്യത്തിൽ മാത്രമാണ് അപവാദമെന്നും കോടതി വിശദീകരിക്കുന്നു.