കോൺഗ്രസിൽ പുനഃസംഘടന ഉടൻ; കീറാമുട്ടിയാകും ഹരിയാന

Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസിൽ വിപുലമായ പുനഃസംഘടന വരുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാന പദവികളിലെ മാറ്റം ഉടൻ ഉണ്ടാകുമെന്നു നേതൃത്വം സൂചിപ്പിച്ചു. ഡിസിസികൾ ഇല്ലാത്ത ഹരിയാന, ഹിമാചൽപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിനാണു മുൻഗണന. സിസികൾക്കുള്ള മാർഗരേഖ പൂർത്തിയാക്കി അധ്യക്ഷന്മാർക്ക് എത്രയും പെട്ടെന്നു കൈമാറാനും ധാരണയുണ്ട്. പുനഃസംഘടനയുടെ ഭാഗമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും 15നു വീണ്ടും ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭാഗമായിനിന്ന് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന ചിലരെ പുറത്താക്കുമെന്ന രാഹുലിന്റെ മുൻ പ്രഖ്യാപനത്തിന്റെ തുടർച്ചയായുള്ള നടപടികൾ ഉണ്ടായേക്കാം.
കീറാമുട്ടിയാകും ഹരിയാന
ഹരിയാനയിൽ ഡിസിസികൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ രൂപീകരിക്കുന്നതു വെല്ലുവിളിയാകും. 2014 ൽ പിരിച്ചുവിട്ട ശേഷം സംസ്ഥാനത്തു പിന്നീടു ഡിസിസികളുണ്ടായിട്ടില്ല. 3 നിയമസഭാ തിരഞ്ഞെടുപ്പുകൾ വന്നിട്ടും സംഘടനാസംവിധാനം ഉണ്ടാക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഭൂപീന്ദർ ഹൂഡ സംഘടനയെ കയ്യടക്കിയെന്ന വിമർശനം പാർട്ടിക്കുള്ളിലെ എതിർചേരി ഉന്നയിക്കുന്നതാണ് പ്രധാന വെല്ലുവിളി. ഹൂഡ പക്ഷവും എഐസിസി ജനറൽ സെക്രട്ടറിമാരായ കുമാരി ഷെൽജ, രൺദീപ് സുർജേവാല എന്നിവരുടെ ഗ്രൂപ്പുകളും പദവിക്കു വേണ്ടി ഇറങ്ങുന്ന സാഹചര്യം വെല്ലുവിളിയാണ്.