ബില്ലുകളുടെ അംഗീകാരം: ഭരണഘടനാ വ്യവസ്ഥകൾക്ക് മാറ്റമില്ല

Mail This Article
ന്യൂഡൽഹി ∙ അംഗീകാരത്തിനു ലഭിക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതിന് സമയപരിധി വേണമെന്ന് ഭരണഘടനാസഭയിൽ വാദിച്ചവരുടെ ആശങ്കകൾ പ്രവചനസ്വഭാവമുള്ളതായതെന്ന് സുപ്രീം കോടതി. ബില്ലുകളിൽ തീരുമാനത്തിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധിവയ്ക്കുന്നത് കോടതിയുടെ സൗകര്യത്തെപ്രതിയാണ്; ഭരണഘടനാ വ്യവസ്ഥകൾ തിരുത്തുന്നില്ല – തമിഴ്നാട് കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ് ജെ.ബി. പർധിവാല അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനത്തിന് സമയപരിധി വേണമെന്ന് സർക്കാരിയ കമ്മിഷൻ, ജസ്റ്റിസ് പുഞ്ചി കമ്മിഷൻ, വാജ്പേയി സർക്കാരിന്റെ കാലത്തെ ഭരണഘടന പ്രവർത്തന അവലോകന കമ്മിഷൻ എന്നിവ നിർദേശിച്ചതാണ്. ബില്ലുകൾ കൈകാര്യം ചെയ്യുന്നതിന് സമയപരിധി നിർദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഓഫിസ് മെമ്മോറാണ്ടങ്ങളുമുണ്ടെന്ന് തങ്ങളുടെ നടപടിയെ ന്യായീകരിച്ച് കോടതി പറഞ്ഞു.
ബില്ലുകളിൽ ‘കഴിവതും വേഗം’ ഗവർണർ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. രാഷ്ട്രപതിയുടെ തീരുമാനത്തിന് അത്തരമൊരു അവ്യക്തതയുള്ള സമയപരിധിപോലും പറഞ്ഞിട്ടുമില്ല. രാഷ്ട്രപതിക്ക് ആറാഴ്ച സമയമെന്നു നിശ്ചയിക്കണമെന്ന് ഭരണഘടനാസഭയിൽ നിർദേശം വന്നെങ്കിലും, അത് അംഗീകരിക്കാതിരുന്നത് രാഷ്ട്രപതി സമയബന്ധിതമായും കാര്യക്ഷമമായും പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കോടതി നിരീക്ഷിച്ചു.
തങ്ങൾ സമയപരിധി നിർദേശിക്കുന്നതുകൊണ്ട് ബില്ലുകളുടെ അംഗീകാരം സംബന്ധിച്ച ഭരണഘടനാപരമായ നടപടിക്രമത്തിൽ മൗലികമായ മാറ്റം വരുന്നില്ല. സമയപരിധി പാലിച്ചില്ലെങ്കിൽ ബില്ലിന് അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്നും പറയുന്നില്ല. സമയപരിധി പറഞ്ഞുകഴിഞ്ഞാൽ, വിഷയം കോടതിയുടെ പരിശോധനയ്ക്കു വരുമ്പോൾ സമയബന്ധിതമായി തീരുമാനമെടുക്കാൻ നിർദേശിക്കാനാവും. തികച്ചും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ബില്ലിന് അംഗീകാരം ലഭിച്ചതായി കണക്കാക്കാമെന്ന് പറയാനുമാവും.
കാരണമുണ്ടോ? ഗവർണർക്ക് പറയാം
തങ്ങൾ നിർദേശിക്കുന്ന സമയപരിധി പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിന് ഗവർണർ മതിയായ കാരണം വ്യക്തമാക്കിയാൽ മതിയെന്ന് കോടതി വിശദീകരിച്ചു. കാരണം ന്യായമാണോയെന്ന് കോടതി പരിശോധിക്കും. ദുരുദ്ദേശ്യത്തോടെയോ സ്വേച്ഛാപരമായോ അധികാരപ്രയോഗമുണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്കു മുന്നിൽ പരിഹാരമാർഗമില്ലെന്ന സ്ഥിതിയുണ്ടാവാൻ പാടില്ല – കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പധിഷ്ഠിത ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിനും സമയപരിധി വ്യവസ്ഥ സഹായിക്കുമെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ കാലാവധി അഞ്ചു വർഷത്തേക്കാണ്. അതിനുള്ളിൽ നടക്കുന്ന നിയമനിർമാണങ്ങൾ ഗവർണറുടെ മടിയോ വിമുഖതയോ കാരണം തടസ്സപ്പെടുന്നത് സർക്കാരിനു ലഭിച്ച ജനഹിതത്തെ ബാധിക്കും. ഗവർണർ ഉണ്ടാക്കുന്ന തടസ്സങ്ങൾ സർക്കാരിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ സ്വാധീനിക്കും. അത് സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനെ പ്രതികൂലമായി ബാധിക്കാം. കേന്ദ്ര,സംസ്ഥാന ഭരണകക്ഷികൾ വ്യത്യസ്തമെങ്കിൽ പ്രശ്നത്തിന് ആക്കം കൂടും. അതിനാൽ ഗവർണറുടെ പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രതയും നിഷ്പക്ഷതയും വേണം. ബോധപൂർവമുള്ള നടപടിയില്ലായ്മ കോടതിയുടെ പരിശോധനയ്ക്കു വിധേയമാവും. ഗവർണറുടെ സമീപനം രാഷ്ട്രീയ താൽപര്യങ്ങൾ കാരണമെന്നു ബോധ്യപ്പെട്ടാൽ ഉടനടി അതു റദ്ദാക്കും. – ബെഞ്ച് മുന്നറിയിപ്പു നൽകി.
എന്നാൽ, ബിൽ കാരണങ്ങൾ വ്യക്തമാക്കി രാഷ്ട്രപതി തിരിച്ചയച്ചാൽ ആറു മാസത്തിനകം നടപടിയെടുക്കണമെന്ന നിലവിലെ വ്യവസ്ഥ നിയമസഭകൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാൻ ഗവർണർക്കു സ്വമേധയാ തീരുമാനിക്കാമെന്നും അതിൽ ജുഡീഷ്യറിയുടെ പരിശോധന അനുവദനീയമല്ലെന്നും ബി.കെ.പവിത്ര കേസിൽ 2019ൽ സുപ്രീം കോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് നൽകിയ വിധിയോടു തങ്ങൾ വിയോജിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. പവിത്ര കേസിലെ വിധിക്കു വിരുദ്ധമായി വിശാല ബെഞ്ചിന്റെ വിധിയുണ്ടെന്നും ജസ്റ്റിസ് പർധിവാല വിശദീകരിച്ചു.
വിമർശനവുമായി ഗവർണർ കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതോ?
തിരുവനന്തപുരം ∙ ബില്ലുകൾ പാസാക്കുന്നതിനു ഗവർണർമാർക്കു സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ഗവർണർ രാജേന്ദ്ര അർലേക്കർ വിമർശിച്ചത് കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യംകൂടി ചൂണ്ടിക്കാട്ടിയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിനു പല കാരണങ്ങളുണ്ടാകും. ജഡ്ജിമാർക്കു കാരണങ്ങളുണ്ടെങ്കിൽ ഗവർണർമാർക്കുമുണ്ടാകും. അതും പരിഗണിക്കപ്പെടണം. സമയപരിധി ജനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു പാർലമെന്റ് വഴിയാകണം നടപ്പാക്കേണ്ടതെന്നും അർലേക്കർ പറഞ്ഞു.
‘സുപ്രീം കോടതിയിൽ കേരളം കൊടുത്തിരിക്കുന്ന ഹർജി തമിഴ്നാടിന്റെ കേസുമായി സാമ്യമുള്ളതല്ല. കേരള രാജ്ഭവനിൽ നിലവിൽ ബില്ലുകളില്ല. മുഖ്യമന്ത്രിയുമായി എനിക്കു ഹൃദ്യമായ ബന്ധമാണുള്ളത്. ഇതുവരെ തർക്കവിഷയങ്ങളൊന്നും വന്നിട്ടില്ല. എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടെന്നാണ് എന്റെ കാഴ്ചപ്പാട്. ഒരു മേശയ്ക്കു ചുറ്റുമിരുന്നാൽ മാത്രം മതി. ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ കാലത്തു ചെയ്തതു ശരിയായിരുന്നു. ഒരു കൈ മാത്രം ഉപയോഗിച്ചു കയ്യടിക്കാനാകില്ല എന്നൊരു ചൊല്ലുണ്ട്, അതായിരുന്നു അന്നത്തെ സാഹചര്യം’ – ഗവർണർ പറഞ്ഞു.
കേന്ദ്രമന്ത്രി നിർമല സീതാരാമനെ കേരള ഹൗസിൽ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചതു മുഖ്യമന്ത്രിയാണെന്നും അതിനു പ്രത്യേക അജൻഡയുണ്ടായിരുന്നില്ലെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണു ഞാനും പങ്കെടുത്തത്. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു സംസാരിച്ചത്. ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണ്.കോളജ് ക്യാംപസിലെ രാഷ്ട്രീയത്തെയും ഗവർണർ വിമർശിച്ചു. വിദ്യാർഥികളുടെ അവകാശത്തിനുവേണ്ടി സംഘടനകൾക്കു പോരാടാം. എന്നാൽ, രാഷ്ട്രീയം കൊണ്ടുവരുന്നതെന്തിനാണ്? അവിടെ എത്തുന്നതു പഠിക്കാനാണ്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള വഴി വഖഫ് നിയമഭേദഗതിയിലുണ്ടെന്നും അർലേക്കർ പറഞ്ഞു.