പൈലറ്റിന്റെ മരണം: അർമാൻ ചൗധരി മരിച്ചത് വിമാനം പറത്തുന്നതിനിടെ; വിശദ അന്വേഷണം നടത്താൻ ഉത്തരവ്

Mail This Article
ന്യൂഡൽഹി ∙ ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടു. ഈ മാസം 9ന് ആണ് വിമാനം പറത്തുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായി ഫസ്റ്റ് ഓഫിസർ അർമാൻ ചൗധരി (35) മരിച്ചത്.
എയർ സേഫ്റ്റി ഡപ്യൂട്ടി ഡയറക്ടർ വിശാൽ യാദവിനാണ് അന്വേഷണത്തിന്റെ ചുമതല. 6 മാസത്തിനകം റിപ്പോർട്ട് നൽകണം. ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നോയെന്നും അന്വേഷിക്കും.

വിമാനത്തിലെ മറ്റ് ജീവനക്കാർ എന്ത് ചെയ്തു, ആശുപത്രിയിലെത്തിക്കാൻ എത്ര സമയമെടുത്തു, എയർപോർട്ടിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് സൗകര്യമുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷിക്കണം.
പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള ചട്ടം ജൂൺ 1 മുതൽ പാലിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു.