ഉപഗ്രഹ ടോൾ മേയിൽ വരില്ല, യുപിഐ ഇടപാടിന് ജിഎസ്ടി ചുമത്തില്ല; രണ്ടു പ്രചാരണങ്ങളും തെറ്റെന്ന് കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ മേയ് 1 മുതൽ ഉപഗ്രഹാധിഷ്ഠിത ടോൾ രീതി നടപ്പാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുമെന്നായിരുന്നു പ്രചാരണം. ഉപഗ്രഹ ടോൾ നടപ്പാക്കുംമുൻപ് തിരഞ്ഞെടുക്കപ്പെട്ട ടോളുകളിൽ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എഎൻപിആർ) സംവിധാനം ആരംഭിക്കുമെന്നു സർക്കാർ അറിയിച്ചു.
ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽനിന്നു പണം ഈടാക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നതേയുള്ളൂ.
യുപിഐ ഇടപാടിന് ജിഎസ്ടി ചുമത്തില്ല
ന്യൂഡൽഹി ∙ 2000 രൂപയിലേറെയുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര പരോക്ഷനികുതി ബോർഡ് (സിബിഐസി).
പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റിനു (എംഡിആർ) മേൽ ജിഎസ്ടി ചുമത്താറുണ്ടെങ്കിലും 2020 ജനുവരി മുതൽ യുപിഐ ഇടപാടുകളിൽ ഇത് ഈടാക്കുന്നില്ല. അതുകൊണ്ടു തന്നെ ഇവയ്ക്ക് ജിഎസ്ടിയും ബാധകമല്ല. യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിബിഐസി വ്യക്തമാക്കി.