ജാതി വേർതിരിവ് ഇല്ലാതാക്കണം: മോഹൻ ഭാഗവത്

Mail This Article
ന്യൂഡൽഹി ∙ ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിൽ കൂട്ടായ്മയുണ്ടാക്കി മുന്നേറാൻ ഹിന്ദു വിഭാഗങ്ങൾ ശ്രമിക്കണമെന്ന് അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനം. പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വയം സേവകൻമാരുടെ പ്രവർത്തനം വ്യാപിപ്പിക്കണം.
ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്തണം. കുടുംബമായിരിക്കണം സമൂഹത്തിന്റെ ആധാരശില. ദേശീയതയും ഐക്യവും വളർത്താൻ ഉത്സവാഘോഷങ്ങൾ ഒരുമിച്ചു നടത്തണം’– മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിലും ബിജെപിയിലും ജാതി വേർതിരിവുണ്ടെന്നും ഉന്നത ജാതിക്കാർക്കു കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്നും ജാതി സെൻസസിനു ബിജെപി എതിരു നിൽക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷ പാർട്ടികളടക്കം വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് ഭാഗവതിന്റെ ആഹ്വാനം.