6 പതിറ്റാണ്ടായി ഇളക്കം തട്ടാത്ത കരാർ; യുദ്ധപ്രഖ്യാപനം തിരിച്ചറിഞ്ഞ് പാക്കിസ്ഥാൻ: ‘ജലബോംബിങ്’ ഇന്ത്യയ്ക്കും പ്രശ്നം

Mail This Article
ന്യൂഡൽഹി ∙ പഹൽഗാമിലെ നോവിനുള്ള ആദ്യ മറുപടികളിലൊന്നായി ഇന്ത്യ തൊടുത്ത ‘കരാർ പിന്മാറ്റം’ പാക്കിസ്ഥാനിനെ എത്ര കണ്ടു മുറിവേൽപ്പിക്കും? ഇന്ത്യ കരുതുംപോലെ കർഷകരുൾപ്പെടെ പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ തെരുവിലിറക്കാൻ പോന്ന വൻ പ്രതിസന്ധിയായി ഇതു മാറുമോ? പാക്കിസ്ഥാനെതിരെയുള്ള ‘ജലായുധമായി’ ഇതുമാറുമോ? 3 യുദ്ധങ്ങളും ഇടവിട്ടുള്ള ഭീകരാക്രമണങ്ങളും ആവർത്തിച്ചുള്ള സൈനിക ഏറ്റുമുട്ടലുകളും ഉണ്ടായിട്ടും 6 പതിറ്റാണ്ടിലേറെ ഇളക്കം തട്ടാതെനിന്ന സിന്ധു നദീജല കരാറിന്റെ കാര്യത്തിൽ ഇപ്പോൾ ചോദ്യങ്ങൾ ഉയരുകയാണ്.
കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തെ നയതന്ത്ര തലത്തിലെ ‘സർജിക്കൽ സ്ട്രൈക്കായി’ വിലയിരുത്തുന്നവരുണ്ട്. നീരൊഴുക്ക് തടയുന്നതു യുദ്ധപ്രഖ്യാപനമായി കരുതുമെന്ന് പാക്കിസ്ഥാൻ മറുപടി നൽകി. ഇന്ത്യ കൈമാറാനുദ്ദേശിച്ച സന്ദേശം ശത്രുവിനു ബോധ്യപ്പെട്ടിരിക്കുന്നുവെന്നു കൂടി ഇതിൽനിന്നു വായിച്ചെടുക്കാം.
കരാറിൽ നിന്നുള്ള പിന്മാറ്റത്തിന്റെ പ്രത്യാഘാതം ഇങ്ങനെ:
∙ ഇപ്പോഴത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നീരൊഴുക്കു നിയന്ത്രിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞാൽ പാക്കിസ്ഥാനിൽ അതു വലിയ രീതിയിൽ പ്രതിഫലിക്കും. കരാർ ഉള്ളപ്പോൾ പോലും അവിടെ വരൾച്ചക്കാലത്ത് ആവശ്യത്തിനു വെള്ളമില്ല.
∙ സിന്ധു നദീജലം പാക്കിസ്ഥാന്റെ ജീവനാഡിയാണ്. ജലവൈദ്യുത പദ്ധതികളുടെ മൂന്നിലൊന്നും ഈ നദീജലത്തെ ആശ്രയിക്കുന്നു. അതിന് ഇളക്കം തട്ടുമ്പോൾ ഭക്ഷ്യസുരക്ഷ, സാമ്പത്തിക അസ്ഥിരത തുടങ്ങിയവ വെല്ലുവിളികളാകും.
∙ സിന്ധു നദിയിലെ വെള്ളം തടഞ്ഞുവച്ച് ഒറ്റയടിക്ക് ‘ജല ബോംബായി’ തുറന്നുവിടുമോ എന്ന ആശങ്ക പാക്കിസ്ഥാനികൾക്കുണ്ട്. ഇന്ത്യയുടെ അണക്കെട്ടുകൾ പാക്ക് അതിർത്തിയിൽനിന്ന് അകലെയാണെന്നതിനാൽ ‘ജല ബോംബിങ്’ ഇന്ത്യയ്ക്കും പ്രശ്നമാണ്.
∙ കരാർ പ്രകാരം, ജലത്തിന്റെ തോതും ഒഴുക്കിനെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ പാക്കിസ്ഥാനു കൈമാറണം. കരാറിൽനിന്നു പിന്മാറിയതോടെ ഇതു നിലയ്ക്കും. ജലസേചനത്തെയും കുടിവെള്ള, ജല വൈദ്യുത പദ്ധതികളെയും ഡേറ്റയുടെ അഭാവം പ്രതികൂലമായി ബാധിക്കാം. എന്നാൽ ഇപ്പോൾതന്നെ ഇന്ത്യ വളരെ കുറച്ചു ഡേറ്റ മാത്രമാണു കൈമാറാറുള്ളതെന്നും പ്രശ്നമാകില്ലെന്നുമാണ് പാക്കിസ്ഥാന്റെ വാദം.
ഇന്ത്യയ്ക്കുള്ള വെല്ലുവിളി
വെള്ളം തടയാൻ വമ്പൻ സംഭരണികളില്ലെന്നതാണ് ഇന്ത്യയ്ക്കു മുന്നിലെ വെല്ലുവിളി. കനാലുകളുമില്ല. ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികൾക്കാകട്ടെ ഇത്രയും വലിയ സംഭരണശേഷി ആവശ്യമില്ലതാനും. മേഖലയിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നത് ഇന്ത്യയുടെ ദീർഘകാല ആവശ്യമാണ്. കരാർ അനുകൂലമല്ലെന്നതായിരുന്നു തടസ്സം. പദ്ധതിയിൽനിന്നു പിന്മാറിയതു വഴി ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ അറിയിക്കാതെ തന്നെ നിർമാണങ്ങളിലേക്കു കടക്കാമെങ്കിലും ഇവ പൂർത്തിയാകാൻ കാലങ്ങളെടുക്കും. വിശേഷിച്ചും മേഖലയിലെ ദുഷ്കരമായ സാഹചര്യം പരിഗണിക്കുമ്പോൾ.