ADVERTISEMENT

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് കസ്തൂരിരംഗനുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച. ‘ഭാസ്കര’ സാറ്റലൈറ്റിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമയമാണ്. പദ്ധതിക്കുവേണ്ടി 114 പേരെ നിയമിക്കണമെന്ന ശുപാർശ കസ്തൂരിരംഗൻ നൽകിയിരുന്നു. ഇതിനെപ്പറ്റി സാറ്റലൈറ്റ് സെന്ററിൽ പോയി പഠിക്കാൻ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ പ്രഫ. സതീഷ് ധവാൻ എന്നെ ചുമതലപ്പെടുത്തി. 79 പേർ മതിയെന്നു ഞങ്ങൾ കണ്ടെത്തി. ഇതോടെ, ‘ആരാണ് ഇതു തയാറാക്കിയത്? അയാളെ ഇങ്ങോട്ട് അയയ്ക്കൂ’ എന്നായി അദ്ദേഹം.

‘ചോദ്യം ചെയ്യലിനായി’ ഞാൻ അവിടെച്ചെന്നു. എന്റെ നിലപാടുകൾ ബോധ്യപ്പെടുത്താൻ പാടായിരുന്നു. എങ്കിലും എന്തുകൊണ്ട് ഞാൻ അങ്ങനെയൊരു നിലപാടെടുത്തു എന്ന് അദ്ദേഹം വിശദമായി കേട്ടു. കാര്യങ്ങൾ വീണ്ടും മനസ്സിലിട്ടു പഠിച്ചു. ഒടുവിൽ ജീവനക്കാരുടെ എണ്ണം 79 തന്നെയായി ചുരുങ്ങി. ഐഎസ്ആർഒയിലെ ജോലിഅന്തരീക്ഷത്തിന്റെ പ്രതിഫലനം കൂടിയാണിത്. സീനിയർ, ജൂനിയർ വേർതിരിവുകൾ ഐഎസ്ആർഒയിൽ ഇല്ല. സ്വാഭാവികമായി ഒരു ടീം ലീഡർക്കു മാത്രമേ അങ്ങനെയൊരു സംഘത്തെ മുന്നിൽനിന്നു നയിക്കാൻ സാധിക്കൂ. അത്തരത്തിൽ ഒരു യഥാർഥ ടീം ലീഡറായിരുന്നു കസ്തൂരിരംഗൻ.

തോൽവികൾ പാഠമാക്കി

പ്രഫ. ധവാന്റെയും യു.ആർ.റാവുവിന്റെയും കാലഘട്ടത്തിൽ ഐഎസ്ആർഒ കൈവരിച്ച വികസനം പ്രായോഗികമായ നേട്ടങ്ങളാക്കി മാറ്റാൻ കഴിഞ്ഞത് കസ്തൂരിരംഗൻ ചെയർമാനായപ്പോഴാണ്. ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ്, ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി, ഇൻസാറ്റ് കമ്യൂണിക്കേഷൻ സാറ്റലൈറ്റ് അങ്ങനെ ഓരോന്നും ഐഎസ്ആർഒയുടെ ചരിത്രം തിരുത്തിക്കൊണ്ടിരുന്നു.

ഇന്ത്യൻ ബഹിരാകാശ യുഗത്തിന്റെ ഈ സുവർണ കാലത്തു തന്നെയാണ് പ്രതിരോധ ഗവേഷണത്തിനുള്ള ഡിആർഡിഒയുടെ തലപ്പത്ത് ഡോ. എ.പി.ജെ.അബ്ദുൽ കലാമും അറ്റോമിക് എനർജി കമ്മിഷന്റെ തലപ്പത്ത് രാജാരാമണ്ണയും എത്തുന്നത്. വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ മൂവരും ഡൽഹിയിൽ കലാമിന്റെ ഓഫിസിൽ യോഗം ചേരും. മാനവവിഭവശേഷി വിദഗ്ധൻ എന്ന നിലയിൽ എന്നോടും ഈ യോഗത്തിൽ പങ്കെടുക്കാൻ കസ്തൂരിരംഗൻ ആവശ്യപ്പെട്ടിരുന്നു.

തമിഴ് മാതൃഭാഷയായ 3 പേർ. അവർ ചേരുമ്പോൾ എന്തായിരിക്കും ഉണ്ടാവുക? ബഹിരാകാശ രംഗത്തെ വികസന പ്രവർത്തനങ്ങളുടെ ചർച്ചകൾ കഴിഞ്ഞാൽ ‘തിരുക്കുറൾ’ മുതലുള്ള തമിഴ് സാഹിത്യത്തെപ്പറ്റി ചർച്ച തുടങ്ങും. തമാശകളും കവിതകളും നോവൽ ഭാഗങ്ങളുമായി തമിഴ് ഭാഷണങ്ങൾ അവിടെ മുഴങ്ങും. നെയ്റോസ്റ്റും വടയും തൈര് സാദവുമായി ദക്ഷിണേന്ത്യൻ ഭക്ഷണം മേശപ്പുറത്തെത്തും. മണിക്കൂറുകൾ കടന്നുപോകുന്നത് അറിയുകയേ ഇല്ല.    എന്റെ പേരു പോലെത്തന്നെ, അന്ന് തീരെച്ചെറിയ ഉദ്യോഗസ്ഥനാണ് ഞാൻ. പക്ഷേ, വേർതിരിവ് ഒരിക്കലും  അനുഭവപ്പെട്ടിട്ടില്ല.

തോൽവികൾ താങ്ങാൻ ധവാനെയും റാവുവിനെയും പോലെ കരുത്തുറ്റ മനസ്സ് കസ്തൂരിരംഗന് ഉണ്ടായിരുന്നില്ല. ആ പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പഠനത്തിലാണു പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനായി ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. ഓരോ ചെറിയ പിഴവും മനസ്സിലാക്കി തിരുത്തി അടുത്ത ഘട്ടം ആസൂത്രണം ചെയ്യും. ഇന്ന് ഐഎസ്ആർഒ ആസ്വദിക്കുന്ന വിജയങ്ങളുടെ അടിത്തറയും പ്രവർത്തനരീതിയും ഇതുതന്നെ.

മനസ്സറിഞ്ഞ ലീഡർ

ബ്രെയിൻ ഡ്രെയിൻ (ബൗദ്ധിക ചോർച്ച) ഐഎസ്ആർഒയിൽ പ്രതിസന്ധി സൃഷ്ടിച്ച കാലം. ഐടി വ്യവസായം വളർന്നതോടെ മികച്ച വിദ്യാർഥികൾ പലരും ക്യാംപസ് റിക്രൂട്മെന്റ് വഴി ഐടിയിലേക്കു പോയി.  ഐഎസ്ആർഒയിലെ മികച്ച ശാസ്ത്രജ്ഞരിൽ ചിലരെയും നല്ല പാക്കേജുകൾ നൽകി റാഞ്ചി. നിയമനത്തിനായി സർക്കാർ മാനദണ്ഡങ്ങൾ നിർബന്ധമായ ഐഎസ്ആർഒയ്ക്കു ക്യാംപസിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അനുമതി നേടിയെടുത്തത് കസ്തൂരിരംഗനാണ്. മികച്ച ശമ്പള പാക്കേജുകളും നടപ്പാക്കി. പ്രവർത്തന മികവു കൂടി നോക്കി വേണം സഹപ്രവർത്തകരെ അംഗീകരിക്കാൻ എന്ന നയമായിരുന്നു അദ്ദേഹത്തിന്റേത്.

എംപി ഫണ്ടിലും സൂക്ഷ്മത 

രാജ്യസഭാംഗമായിരിക്കെ, ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (നിയാസ്) ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. അവിടെ ഡീനായി ചുമതലയേൽക്കണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. 4 കൊല്ലത്തോളം ഞാൻ അദ്ദേഹത്തോടൊപ്പം അവിടെയും ജോലി ചെയ്തു. എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്നതിൽ പോലും അദ്ദേഹത്തിനു ചില നിർബന്ധങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾക്കു മാത്രമേ ഫണ്ട് നൽകാവൂ എന്നായിരുന്നു നിർദേശം.  

English Summary:

K Kasturirangan: The Architect of ISRO's Triumphs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com