ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിൽ തിരഞ്ഞെടുപ്പു കാഹളം മുഴങ്ങാനിരിക്കെ, സർക്കാർ ജാതി സെൻസസ് പ്രഖ്യാപിച്ചതിന്റെ ക്രെഡിറ്റ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അവകാശപ്പെടാം. കഴിഞ്ഞ മൂന്നുവർഷമായി രാഹുൽ ഗാന്ധി ഈ ആവശ്യത്തിനു പിറകേയുണ്ട്. രാഹുലിന്റെ നിരന്തരമുള്ള ആവശ്യത്തെ പരിഹസിച്ചവർക്കും കാര്യമില്ലെന്നു നിസ്സാരവൽക്കരിച്ചവർക്കും മറുപടിയില്ലാതായിരിക്കുന്നു. പ്രതിപക്ഷം ഉയർത്തിയ ആവശ്യത്തിനൊപ്പം ജെഡിയുവും എൽജെപിയും ഈ ദിശയിൽ സ്വരമുയർത്തിയോടെ മോദി സർക്കാരിനു ജാതി സെൻസസ് പ്രഖ്യാപിക്കാതെ തരമില്ലെന്നായി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ തന്നെ ജാതി സെൻസസ് എന്ന ആവശ്യം രാഹുൽ ശക്തമായി ഉന്നയിച്ചിരുന്നു. ഇതുയർത്തി കോൺഗ്രസ് തങ്ങളുടെ വിജയമായി സർക്കാർ പ്രഖ്യാപനത്തെ അവതരിപ്പിക്കുമ്പോൾ, യുപിഎ സർക്കാരിന്റെ കാലത്തു കോൺഗ്രസ് കാട്ടിയ വിമുഖതയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെറ്റായ സർവേകളുമാണ് ബിജെപിയുടെ മറുപടി.

ജാതി സെൻസസ് ഇല്ലാതെ ഇന്ത്യയിൽ പിന്നാക്കക്കാർക്ക് അവസരം കിട്ടില്ലെന്നും നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഉന്നത പദവികളിൽ ദലിതനോ ഒബിസിക്കാരോ ഇല്ലെന്നും ആവർത്തിച്ച് പറഞ്ഞ രാഹുലിനു മോദി നൽകിയിരുന്ന മറുപടി തിരുത്തേണ്ടി വന്നിരിക്കുന്നുവെന്നും വ്യക്തം. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിങ്ങനെ നാലു ജാതിയെ തനിക്കുള്ളുവെന്നായിരുന്നു രാഹുലിനുള്ള മറുപടിയായി ഇതുവരെ മോദി പറഞ്ഞിരുന്നത്.

സമയക്രമം വേണം: രാഹുൽ

ജാതി സെൻസസിന്റെ കാര്യത്തിൽ രാജ്യത്തു വേണ്ടതു ജനങ്ങളുടെ സർവേയാണെന്നും അല്ലാതെ ഉദ്യോഗസ്ഥ സർവേ അല്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 11 വർഷം ജാതി സെൻസസിനെ എതിർത്ത മോദിയെ ഇതിനു പ്രേരിപ്പിച്ചതു തങ്ങളുടെ സമ്മർദമാണെന്നു പറഞ്ഞ രാഹുൽ, ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമം സർക്കാർ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ബിഹാർ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണോ അതോ പഹൽഗാം വിഷയത്തിൽനിന്നു ശ്രദ്ധ മാറ്റാനാണോ ഇപ്പോഴത്തെ പ്രഖ്യാപനമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ രാഹുൽ ചിരിച്ചുകൊണ്ടു നേരിട്ടു.

എനിക്കറിയില്ല. അനുമാനം നടത്തുന്നത് മാധ്യമങ്ങളാണല്ലോ? ഞാൻ ഊഹാപോഹങ്ങൾക്ക് പിന്നാലെ പോകാറില്ല. ഏതായാലും വലിയ ചുവടാണു സർക്കാരിന്റേത്–രാഹുൽ പറഞ്ഞു. സർവേ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ വൈദഗ്ധ്യം ആവശ്യമെങ്കിൽ സർക്കാരിനു നൽകാൻ തയാറാണെന്നും രാഹുൽ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണമാണ് അടുത്ത പടിയെന്നും 50% സംവരണ പരിധിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

English Summary:

Rahul Gandhi's Victory: Modi Government Announces Caste Census

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com