ബഹിരാകാശത്ത് ശുഭാംശു നടത്തുക 7 നിർണായക പരീക്ഷണങ്ങൾ

Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ല നടത്തുക ബഹിരാകാശത്ത് കൃഷി നടത്താനാകുമോ എന്നതുൾപ്പെടെ പഠനങ്ങൾ. ഈ മാസം 29ന് യുഎസിന്റെ ആക്സിയോം–4 ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുമ്പോൾ ചെയ്യാനായി 7 പരീക്ഷണങ്ങൾക്കുള്ള സന്നാഹങ്ങളാണ് ഐഎസ്ആർഒ അയയ്ക്കുന്നത്.ഗുരുത്വാകർഷണബലം തീരെ കുറവായ ഐഎസ്എസിലെ സാഹചര്യത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച പഠനമാണ് ഇവയിലൊന്ന്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐഐഎസ്ടി) ബഹിരാകാശ വകുപ്പും ചേർന്നാണ് ഈ പരീക്ഷണം തയാറാക്കിയത്.
-
Also Read
മണിപ്പുർ കലാപത്തിന് 2 വർഷം
മനുഷ്യരുടെ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മൈക്രോ ആൽഗെയെ സൂക്ഷ്മ ഗുരുത്വബലം (മൈക്രോഗ്രാവിറ്റി) എങ്ങനെ ബാധിക്കും, ബഹിരാകാശ യാത്രികരുടെ പോഷണത്തിനുപയോഗിക്കാവുന്ന സാലഡ് വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കാനാകുമോ, പാരാമാക്രോബയോട്ടസ് വിഭാഗത്തിലെ സൂക്ഷ്മ ജലജീവികളുടെ ബഹിരാകാശത്തെ അതിജീവനം, മൈക്രോഗ്രാവിറ്റിയിൽ മെറ്റബോളിക് സപ്ലിമെന്റുകൾ ഉപയോഗിച്ച് മസിൽ വളർച്ചയുണ്ടാക്കാനാകുമോ, മൈക്രോഗ്രാവിറ്റിയിൽ ഇലക്ട്രോണിക് ഡിസ്പ്ലേ ഉപയോഗിക്കുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവലോകനം, മൈക്രോഗ്രാവിറ്റിയിൽ യൂറിയയിലും നൈട്രേറ്റിലുമുള്ള സയാനോ ബാക്ടീരിയയ്ക്കുണ്ടാകുന്ന വളർച്ചാ വ്യതിയാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക.