വഴിവിട്ട നീക്കം: അദാനിയുടെ അനന്തരവന് ‘സെബി’ കുരുക്ക്

Mail This Article
ന്യൂഡൽഹി ∙ ഗൗതം അദാനിയുടെ അനന്തരവനായ പ്രണവ് അദാനി ബിസിനസ് ഗ്രൂപ്പിന്റെ നീക്കങ്ങൾ ബന്ധുക്കൾക്കു ചോർത്തി നൽകി ഓഹരിവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന് (ഇൻസൈഡർ ട്രേഡിങ്) ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ ആരോപിച്ചു. കഴിഞ്ഞ വർഷം സെബി പ്രണവിന് അയച്ച കത്തിനെക്കുറിച്ച് ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. കമ്പനിയുടെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ ഓഹരിവില കൂടുമോ കുറയുമോയെന്ന് മനസ്സിലാക്കാനാകും. ഈ വിവരങ്ങൾ മനസ്സിലാക്കി കമ്പനിക്ക് ഉള്ളിലുള്ളവർ തന്നെ ഓഹരികൾ വാങ്ങിക്കൂട്ടുകയോ വിൽക്കുകയോ ചെയ്യുന്നതാണ് ഇൻസൈഡർ ട്രേഡിങ്.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ കൂടിയായ പ്രണവ് 2021ൽ ബന്ധുക്കളായ കുനാൽ ഷായ്ക്കും നൃപുൽ ഷായ്ക്കും ‘അദാനി ഗ്രീൻ’ എസ്ബി എൻജി ഹോൾഡിങ്സിനെ ഏറ്റെടുക്കുന്നുവെന്ന വിവരം മുൻകൂറായി നൽകി. പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. വിവരം ലഭിച്ച കുനാലും നൃപുലും ഓഹരിവ്യാപാരത്തിലൂടെ 90 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ആരോപണം. സെബിയുടെ ആരോപണങ്ങൾ സെറ്റിൽമെന്റിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് പ്രണവ് അദാനി പറഞ്ഞു. ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹം തയാറായില്ല. പ്രണവ് അദാനിക്കെതിരെ ‘സെബി’ നടപടിയെടുക്കുമോയെന്ന് കോൺഗ്രസ് ചോദിച്ചു.