ഇന്ത്യയുമായുള്ള പ്രതിരോധക്കരാർ ഭേദഗതി ചെയ്യുമെന്ന് മാലദ്വീപ്

Mail This Article
മാലെ ∙ ഇന്ത്യയുമായുള്ള പ്രതിരോധക്കരാറിൽ ഭേദഗതി വരുത്തുമെന്നു മാലദ്വീപ് അറിയിച്ചു. പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഭേദഗതികളാണു വരുത്തുകയെന്നു പ്രതിരോധമന്ത്രി മുഹമ്മദ് ഹസൻ മൈമൂൻ പാർലമെന്റിൽ പറഞ്ഞു. നിലവിൽ മാലദ്വീപിൽ സായുധ ഇന്ത്യൻ സൈനികരില്ല. ഉഭയകക്ഷി ധാരണ പ്രകാരം 74 ഇന്ത്യൻ സൈനികരെയും 2024 മേയിൽ തിരിച്ച് അയച്ചതായി പ്രതിരോധമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം പ്രസിഡന്റ് മുഹമ്മദ് മുയ്സു നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയുമായി മുൻസർക്കാരുണ്ടാക്കിയ കരാറുകളിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞിരുന്നു. 2023 ൽ തിരഞ്ഞെടുപ്പുകാലത്ത് ഇതിനു വിരുദ്ധമായി പ്രചാരണം നടത്തിയതിൽ മുയ്സു മാപ്പുപറയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തി. വിഷയം പാർലമെന്റിലും ചർച്ചയായപ്പോഴാണ് പ്രതിരോധമന്ത്രി മറുപടി പറഞ്ഞത്.
ചൈനാ പക്ഷപാതിയായ മുയ്സു 2023 ൽ അധികാരമേറ്റതിനുശേഷം മാലദ്വീപ്–ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീണിരുന്നു.