വനിതാ ഡോക്ടറിൽനിന്ന് കൊക്കെയ്ൻ പിടികൂടിയ സംഭവം: ലഹരി വ്യാപാരിക്കായുള്ള തിരച്ചിൽ മുംബൈയിലേക്ക്

Mail This Article
ഹൈദരാബാദ് ∙ കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതി (34) 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായ സംഭവത്തിൽ അന്വേഷണം മുംബൈയിലേക്കും. നമ്രതയ്ക്ക് ലഹരി എത്തിച്ചുനൽകിയ വ്യാപാരി വംശ് ധാക്കർ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ടാണു ധാക്കറുടെ വിതരണക്കാരൻ ബാലകൃഷ്ണ റാംപ്യാറിൽ നിന്നു നമ്രത ലഹരി വാങ്ങിയത്. ഹൈദരാബാദിലെ റായ്ദുർഗം മേഖലയിൽവച്ചായിരുന്നു ഇത്.
ഈ സമയം പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 53 ഗ്രാം കൊക്കെയ്ൻ 57 ചെറുപാക്കറ്റുകളിലായി നമ്രതയുടെ മിനി കൂപ്പർ കാറിൽ ഇതുണ്ടായിരുന്നു. വാട്സാപ് വഴിയാണു നമ്രത ഓർഡർ ലഹരിക്ക് ഓർഡർ നൽകിയത്. വിവാഹമോചിതയായ നമ്രത 2 കുട്ടികളുടെ അമ്മയുമാണ്. നീണ്ട നാളായി ഇവരുടെ പ്രവൃത്തികൾ നിരീക്ഷിച്ചശേഷമാണു പൊലീസ് അറസ്റ്റിലേക്കു കടന്നത്. നമ്രതയെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എംബിബിഎസ്, എംഡി ബിരുദങ്ങൾ നേടിയ നമ്രത സ്പെയിനിൽ എംബിഎ പഠിക്കുന്നതിനിടെയാണു ലഹരി ഉപയോഗിച്ചു തുടങ്ങിയത്. ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവിട്ടിട്ടുണ്ടെന്ന് അവർ പൊലീസിനോടു സമ്മതിച്ചു.