അതിർത്തിയിൽ വീടുവിട്ട ജനങ്ങൾ മടങ്ങിത്തുടങ്ങി

Mail This Article
ശ്രീനഗർ ∙ നാലുദിവസം നീണ്ട കനത്ത പാക്ക് വെടിവയ്പിനൊടുവിൽ നിയന്ത്രണരേഖയിലും ജമ്മു മേഖലയിലെ രാജ്യാന്തര അതിർത്തിയിലും ശാന്തത. ശനിയാഴ്ചയ്ക്കുശേഷം വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ടില്ല. പാക്ക് ആക്രമണം ഭയന്ന് പലായനം ചെയ്ത അതിർത്തിപ്രദേശങ്ങളിലെ ജനങ്ങളിലേറെയും വീടുകളിലേക്കു തിരിച്ചെത്തിത്തുടങ്ങി. ജമ്മുവിന്റെ ചില്ല ഭാഗങ്ങളിലും പൂഞ്ച്, രജൗരി ജില്ലകളിലും പാക്ക് പീരങ്കിയാക്രമണം കനത്ത നാശമാണുണ്ടാക്കിയത്. രജൗരിയിലും പൂഞ്ചിലും ഇരുനൂറോളം വീടുകൾക്കും കടകൾക്കും കേടുപറ്റി. ജനവാസമേഖലയിലെ വസ്തുവകകൾക്കുണ്ടായ നാശത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പൂഞ്ചിൽ 13 പേരാണു കൊല്ലപ്പെട്ടത്. രജൗരിയിൽ 3 പേരും ആർഎസ് പുര, ഖേരി എന്നിവിടങ്ങളിൽ ഒരാൾ വീതവും കൊല്ലപ്പെട്ടു. പാക്ക് ആക്രമണം കനത്തതോടെ ഒന്നരലക്ഷത്തോളം ഗ്രാമീണർ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയിരുന്നു.