പാക്കിസ്ഥാനെതിരായ നടപടി: ചോദ്യങ്ങൾ ബാക്കിയെന്ന് കോൺഗ്രസ്

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനെതിരായ ഇന്ത്യൻ നടപടികൾ ഒറ്റയടിക്ക് അവസാനിപ്പിച്ചത് ആശ്ചര്യകരവും ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയോഗം അഭിപ്രായപ്പെട്ടു. കൃത്യമായ ആശയവിനിമയമോ വ്യക്തതയോ ഇല്ലാതെ നടപടികൾ അവസാനിപ്പിച്ചത് രാജ്യത്ത് ഊഹാപോഹങ്ങൾക്കും ആശങ്കയ്ക്കും കാരണമായി.
ഓപ്പറേഷൻ സിന്ദൂറിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണ്. ഈ വിഷയത്തിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. എല്ലാ മുഖ്യമന്ത്രിമാരെയും ആ യോഗത്തിൽ വിളിക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ‘തിരംഗ യാത്ര’യ്ക്കു ബദലായി കോൺഗ്രസ് ‘ജയ് ഹിന്ദ്’ റാലികൾ സംഘടിപ്പിക്കും.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവുമാണ് കോൺഗ്രസ് പ്രധാന ആവശ്യങ്ങളിലൊന്ന്. ഇന്ത്യ–പാക്ക് വെടിനിർത്തൽ കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് ചോദിച്ചു. കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്നത് കാലാകാലങ്ങളായി അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, ട്രംപിന്റെ നിലപാട് വിഷയത്തിനു രാജ്യാന്തര മാനം നൽകി.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്റലിജൻസ് വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾ കോൺഗ്രസ് ഉയർത്തി. കേണൽ സോഫിയ ഖുറേഷിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കെപിസിസി നേതൃത്വത്തോട് രാഹുൽ: അഭിപ്രായ ഐക്യം വേണം
ന്യൂഡൽഹി ∙ പൊതുഇടങ്ങളിൽ നടത്തുന്ന അഭിപ്രായങ്ങളിൽ ഒരേ ലൈൻ പിന്തുടരണമെന്ന് പുതിയ കെപിസിസി നേതൃത്വത്തോടു രാഹുൽ ഗാന്ധി നിർദേശിച്ചു. ഒരേ അഭിപ്രായം സ്വീകരിച്ചില്ലെങ്കിൽ പാർട്ടി ഓരോ വിഷയത്തിലും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്കു കൃത്യമായി എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ രാഹുലിനെയും പ്രിയങ്കയെയും വസതിയിൽ സന്ദർശിച്ചു.