കശ്മീരിൽ സ്കൂളുകൾ തുറന്നു; പൊട്ടാത്ത ഷെല്ലുകൾക്കായി അതിർത്തിയിൽ തിരച്ചിൽ

Mail This Article
ശ്രീനഗർ ∙ ഇന്ത്യ–പാക്ക് വെടിനിർത്തൽ നിലവിൽ വന്നതിനെത്തുടർന്നു കശ്മീരിന്റെ മിക്ക ഭാഗങ്ങളിലും സ്കൂളുകളും കോളജുകളും തുറന്നു. എന്നാൽ കുപ്‌വാര, ബാരാമുല്ല, ഗുരേസ് തുടങ്ങി അതിർത്തി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൽക്കാലം അടഞ്ഞുകിടക്കും. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സ്കൂൾ കെട്ടിടങ്ങൾ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ ഇവയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തിയശേഷമേ ഇവ തുറക്കൂ.
ഷെല്ലാക്രമണത്തെത്തുടർന്നു നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർഥികളും സ്ഥലത്തില്ല. അതിർത്തി ഗ്രാമങ്ങളിൽ അവശേഷിക്കുന്ന പൊട്ടാത്ത ഷെല്ലുകളെക്കുറിച്ചും ആശങ്കയുണ്ട്. സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അധികൃതരെ അറിയിക്കാൻ സർക്കാരും സുരക്ഷാ ഏജൻസികളും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശ്രീനഗറിൽ നിന്നുള്ള ഹജ് യാത്രയും പുനരാരംഭിക്കും.
പൊട്ടാത്ത ഷെല്ലുകൾക്കായി അതിർത്തിയിൽ തിരച്ചിൽ
രജൗറി ∙ അതിർത്തിഗ്രാമങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ സംഘം വൻ തിരച്ചിലിനു തുടക്കമിട്ടു. പാക്കിസ്ഥാൻ വർഷിച്ച ഷെല്ലുകളിൽ പൊട്ടാത്തവ കണ്ടെത്തി നിർവീര്യമാക്കുന്നതിനാണിത്. അപകടമൊഴിഞ്ഞെന്നു സുരക്ഷാസേന റിപ്പോർട്ട് നൽകിയ ശേഷമേ മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ തിരികെ കൊണ്ടുവരൂ. ഷെല്ലാക്രമണത്തിൽ നശിച്ച വീടുകൾക്കു നഷ്ടപരിഹാരം നൽകും.
രജൗറി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്ന് ഒട്ടേറെ ഷെല്ലുകൾ കണ്ടെത്തി നശിപ്പിച്ചു. ഷെല്ലാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2 ലക്ഷത്തോളം പേരെയാണു മാറ്റിപ്പാർപ്പിച്ചത്. ഇതിൽ മിക്കവരും തിരിച്ചെത്തിയെങ്കിലും ഭൂഗർഭ ബങ്കറുകളിലാണു കഴിയുന്നത്.