കാനഡയിൽ മന്ത്രിസഭാ പുനഃസംഘടന: നാല് ഇന്ത്യക്കാരുമായി കാർണി മന്ത്രിസഭ

Mail This Article
ഓട്ടവ ∙ നാല് ഇന്ത്യൻ വംശജരുമായി, ഇന്ത്യാസൗഹൃദ പാലം തീർത്ത് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയായി. മനീന്ദർ സിദ്ദു (രാജ്യാന്തര വ്യാപാരം), അനിത ആനന്ദ് (വിദേശകാര്യം), റൂബി സഹോത (കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടികൾ), രൺദീപ് സരായ് (ഇന്റർനാഷനൽ ഡവലപ്മെന്റ്) എന്നിവരാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യക്കാർ. നാലു പേരും പഞ്ചാബുകാരാണ്.
രണ്ടാഴ്ച മുൻപാണു കാർണിയുടെ ലിബറൽ പാർട്ടി തിരഞ്ഞെടുപ്പു ജയിച്ചത്. ബിസിനസ് രംഗത്തെ പ്രമുഖനായ മനീന്ദർ സിദ്ദു (41) ആറു വർഷം മുൻപാണ് പാർലമെന്റംഗമായത്. പാർലമെന്റ് സെക്രട്ടറിയായി തുടങ്ങി, ഇപ്പോൾ മന്ത്രിയുമായി. ഇന്ത്യയിലെയും കാനഡയിലെയും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപെട്ട സ്കൂൾ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ദ് കൈൻഡ്നെസ് മൂവ്‌മെന്റ് സംഘടനയുടെ അമരക്കാരാണ് മനീന്ദറും ഭാര്യ ജ്യോതിയും.
നിയമരംഗത്തെ അക്കാദമിക് വിദഗ്ധരിലൊരാളെന്ന നിലയിലും പേരെടുത്തിട്ടുള്ള അനിത ആനന്ദ്(58) നേരത്തേ ഇന്നവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രിയായിരുന്നു. പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. കാനഡയുടെ വിദേശകാര്യമന്ത്രിയാകുന്ന ആദ്യ ഹിന്ദുവനിതയെന്ന ചരിത്രനേട്ടവും അനിതയ്ക്കു സ്വന്തം. തമിഴ്നാട്ടുകാരിയായ സരോജും പഞ്ചാബ് സ്വദേശി എസ്.വി. ആനന്ദുമാണ് മാതാപിതാക്കൾ.
അഭിഭാഷകയായ റൂബി(45) 2015ലാണ് പാർലമെന്റംഗമായത്. ഇപ്പോൾ സഹമന്ത്രി. സഹമന്ത്രി പദവിയിലുള്ള രൺദീപും (50) 2015ലാണ് പാർലമെന്റംഗമായത്.