മണിപ്പുരിൽ 10 കുക്കി തീവ്രവാദികളെ വധിച്ചു

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ ചന്ദേലിൽ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ അസം റൈഫിൾസോ ഓപ്പറേഷന് നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയുടെ ദിമാപുർ ആസ്ഥാനമായുള്ള സ്പിയർ കോറോ പുറത്തുവിട്ടിട്ടില്ല. മ്യാൻമറിൽ പ്രവർത്തിക്കുന്ന കുക്കി നാഷനൽ ആർമി (കെഎൻഎം-ബി) സായുധ സംഘാംഗങ്ങളാണു കൊല്ലപ്പെട്ടത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വൻതോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
-
Also Read
ദേശീയ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റി
ബുധനാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ് നടന്നത്. അതിർത്തി ഗ്രാമമായ ന്യൂ സംതാലിൽ സായുധ സംഘത്തിന്റെ നീക്കത്തെപ്പറ്റി അറിഞ്ഞ് പരിശോധന നടത്തുകയായിരുന്ന സേനയ്ക്കു നേരെ വെടിവയ്പുണ്ടായതിനെ തുടർന്നാണു തിരിച്ചടിച്ചതെന്ന് അസം റൈഫിൾസിന്റെ ഈസ്റ്റേൺ കമാൻഡ് പറഞ്ഞു.
പ്രധാനമായും നാഗാ ഭൂരിപക്ഷ ജില്ലയാണ് ചന്ദേൽ. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ 398 കിലോമീറ്ററിൽ വേലി കെട്ടിയിട്ടില്ല. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് നിശ്ചിത ദൂരം സ്വതന്ത്രമായി സഞ്ചരിക്കാൻ സമീപകാലം വരെ അനുമതിയുണ്ടായിരുന്നു.
ഏകീകൃത കുക്കി ഭരണപ്രദേശത്തിനായി പ്രവർത്തിച്ചിരുന്ന കെഎൻഎമ്മിന്റെ ഇന്ത്യ, മ്യാൻമർ ഘടകങ്ങൾ വിഘടിച്ചാണ് പ്രവർത്തിക്കുന്നത്. ചിൻ സ്റ്റേറ്റിൽ മ്യാൻമർ ഭരിക്കുന്ന സൈനിക നേതൃത്വത്തിനെതിരേ യുദ്ധം ചെയ്യുന്ന കെഎൻഎം (ബി) ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ചുമതലയുള്ള അസം റൈഫിൾസുമായി നല്ല ബന്ധത്തിലാത്. നിരോധിത മെയ്തെയ് സായുധ സംഘടനകളും അതിർത്തിയിൽ വിഹരിക്കുന്നുണ്ട്.
മണിപ്പുരിൽ നടന്ന തിരച്ചിലിൽ 14 സായുധ ഗ്രൂപ്പ് അംഗങ്ങളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ്തെയ് സായുധ സംഘടനകളായ കെവൈകെഎൽ, പിഎൽഎ എന്നിവയുടെ പ്രവർത്തകരാണു പിടിയിലായത്.