നെഹ്റു യുവകേന്ദ്ര: പേരുമാറ്റ ഒരുക്കം നേരത്തേ തുടങ്ങി

Mail This Article
ന്യൂഡൽഹി ∙ എൻഡിഎ സർക്കാർ വന്നശേഷമുള്ള പേരുമാറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് നെഹ്റു യുവകേന്ദ്രയുടേത് (എൻവൈകെഎസ്). 53 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ പേരാണ് ‘മേരാ യുവ ഭാരത്’ എന്നാക്കിയത്. സംഘടനയുടെ പേരു മാറ്റുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ 2 വർഷം മുൻപു തുടങ്ങിയിരുന്നു. ആദ്യം നിർദേശിക്കപ്പെട്ട പേര് നാഷനൽ യുവ കേന്ദ്ര എന്നായിരുന്നു.
രാജ്യത്ത് 623 ജില്ലകളിലായി 2.55 ലക്ഷം ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നെന്ന പ്രത്യേകതയുമുണ്ട്. 1972 ൽ ആണ് നെഹ്റു യുവ കേന്ദ്ര തുടങ്ങുന്നത്. 42 ജില്ലകളിൽ തുടങ്ങിയ പ്രവർത്തനം, 1986-87 കാലത്തു രാജീവ്ഗാന്ധി സർക്കാർ സ്വയംഭരണ സ്ഥാപനമാക്കിയതോടെ 311 ജില്ലകളിലേക്കു വ്യാപിപ്പിച്ചു. 1987 ൽ നെഹ്‌റു യുവ കേന്ദ്ര എന്ന പേരിൽ സൊസൈറ്റിയായി.
പിന്നീടു രാജ്യത്തെ എല്ലാ ജില്ലകളിലും നെഹ്റു യുവകേന്ദ്ര വേരുപിടിച്ചു. ശേഷം കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിലായി ഇതിന്റെ പ്രവർത്തനം. നിലവിൽ 34.92 ലക്ഷത്തിലധികം യുവാക്കൾ ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ പ്രോത്സാഹനം, പരിശീലനം, ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, സ്വയംതൊഴിൽ, സംരംഭകരെ സൃഷ്ടിക്കൽ തുടങ്ങി സാമൂഹിക മുന്നേറ്റം ലക്ഷ്യമിട്ട് ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുത്താണു പ്രവർത്തനം. എച്ച്ഐവി-എയ്ഡ്സ് നിർമാർജനം, ലഹരിമരുന്ന് ഉപയോഗം തടയൽ, ദാരിദ്ര്യ നിർമാർജനം, സാക്ഷരത, സ്ത്രീ ശാക്തീകരണം, സാമൂഹിക തിന്മകളുടെ നിർമാർജനം തുടങ്ങിയവയുടെ പ്രചാരകരുമാണ്.
മോദി സർക്കാരുകളുടെ പേരുമാറ്റലുകൾ
2014: രാജ്യത്തെ എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടു 2005 ൽ തുടങ്ങിയ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി അവസാനിപ്പിച്ചു. പകരം ദീൻദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി പദ്ധതി ആരംഭിച്ചു.
∙ ഇന്ദിര ഭവന പദ്ധതിക്കു ദേശീയ ഗ്രാമീണ ഭവന പദ്ധതിയെന്നു പേരു മാറ്റി. 1985 ൽ ആണ് ഇന്ദിരയുടെ പേരിൽ പദ്ധതി തുടങ്ങിയത്.
2016: യുപിഎ സർക്കാർ ആരംഭിച്ച രാജീവ് ഗാന്ധി ഖേൽ അഭിയാൻ യോജന (ആർജികെഎവൈ) ഖേലോ ഇന്ത്യയിൽ ലയിപ്പിച്ചു. 5 വർഷത്തിനകം രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും സ്പോർട്സ് കോംപ്ലക്സ് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ൽ ആണു ആർജികെഎവൈ പദ്ധതി ആരംഭിച്ചത്.
∙ 1985 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നടപ്പാക്കിയ ഇന്ദിര ആവാസ് യോജന പരിഷ്കരിച്ചു 2016 ൽ ബിജെപി സർക്കാർ പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ–ജി) എന്ന പേരിലാക്കി
-
Also Read
കേംബ്രിജ് സമിതിയിൽ ആദ്യമായി ഇന്ത്യക്കാരി
2017: ഗർഭിണികൾക്കു ധനസഹായം നൽകിയിരുന്ന ഇന്ദിരാ ഗാന്ധി മാതൃത്വ സഹയോഗ് യോജന പേരു മാറ്റി പ്രധാനമന്ത്രി മാതൃവന്ദന യോജനയാക്കി. ഗർഭിണികളുടെ വേതനനഷ്ടം ഭാഗികമായി നികത്തുകയെന്ന ഉദ്ദേശ്യത്തോടെ 2010 ൽ തുടങ്ങിയതാണ് ഈ പദ്ധതി.
2021: രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ ആക്കി.
2023: തീൻമൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നു മാറ്റി.
2023: കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ ശാസ്ത്ര ഗണിത– പരിസ്ഥിതിശാസ്ത്ര മേളയുടെ പേരിൽനിന്നു ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കി. ‘ജവാഹർലാൽ നെഹ്റു നാഷനൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയൺമെന്റ് എക്സിബിഷൻ’ (ജെഎൻഎൻഎസ്എംഇഇ) എന്ന പേര് ‘രാഷ്ട്രീയ ബാൽ വൈജ്ഞാനിക് പ്രദർശനി’ എന്നാക്കി.