പാക്കിസ്ഥാന്റെ കയ്യിൽ ആണവായുധങ്ങൾ സുരക്ഷിതമല്ല: രാജ്‌നാഥ്

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനെപ്പോലൊരു രാജ്യത്ത് ആണവായുധങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും അവരുടെ ആണവായുധങ്ങൾ രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിൽ കൊണ്ടുവരണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി കശ്മീർ സന്ദർശിച്ചപ്പോഴായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. ബദാമി ബാഗ് കന്റോൺമെന്റിൽ സൈനികരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിൽ നടത്തിയ ധീരമായ ഇടപെടലുകൾക്ക് സൈനികരെ അഭിനന്ദിച്ചു.
ഭീകരപ്രവർത്തനം, പാക്ക് അധിനിവേശ കശ്മീർ വിഷയങ്ങളിൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചയുള്ളൂവെന്നും സേനയുടെ സഹായത്തോടെ മേഖലയിൽ നിന്നു ഭീകരതയെ പൂർണമായി തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘35-40 വർഷമായി അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഏതറ്റം വരെയും പോകുമെന്ന് ഇന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പഹൽഗാം ഭീകരാക്രമണത്തിലൂടെ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള ശ്രമമാണു നടന്നത്. – അദ്ദേഹം പറഞ്ഞു.
ഇതേസമയം, രാജ്‌നാഥ് സിങ് നടത്തിയ പരാമർശങ്ങളെ പാക്കിസ്ഥാൻ വിമർശിച്ചു. അജ്ഞതയും പാക്കിസ്ഥാന്റെ ഫലപ്രദമായ പ്രതിരോധത്തെക്കുറിച്ചുള്ള നിരാശയുമാണ് ഇത്തരം പരാമർശങ്ങളിൽ പ്രകടമാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയംപ്രതികരിച്ചു.