ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരവാദത്തിനെതിരെ വിദേശത്തേക്കു പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ മുൻപും അയച്ചിട്ടുണ്ട്. 1994, 2008 വർഷങ്ങളിലും ദൗത്യസംഘങ്ങളെ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. 1994 ൽ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു അന്നത്തെ പ്രതിപക്ഷ നേതാവ് എ.ബി. വാജ്പേയി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സൽമാൻ ഖുർഷിദ് എന്നിവരുടെ ദൗത്യസംഘത്തെ ജനീവയിൽ യുഎൻ ഹ്യുമൻ റൈറ്റ്സ് കമ്മിഷനിലേക്ക് അയച്ചിരുന്നു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ കാട്ടി ഇന്ത്യയെ കുറ്റപ്പെടുത്താൻ പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദൗത്യം വിജയിക്കുകയും ചെയ്തു.

2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന രേഖകളുമായി വിവിധ പാർട്ടികളുടെ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇന്ത്യ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണു പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ പാക്കിസ്ഥാനെ ആദ്യമായി ഉൾപ്പെടുത്തിയത്. ലഷ്കറെ തയിബ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനിൽ സമ്മർദം ചെലുത്താനും സാധിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ആക്രമിച്ചത്, പാക്കിസ്ഥാനുമായുള്ള തർക്കം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വിഷയമാണ്, ഇതിൽ മധ്യസ്ഥരെ ആവശ്യമില്ല, ഭീകരാക്രമണം ആവർത്തിച്ചാൽ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കും തുടങ്ങിയ നിലപാടുകൾ ലോകരാജ്യങ്ങളുടെ മുന്നിൽ ആവർത്തിക്കുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണു പുതിയ സംഘത്തിന്റെ ദൗത്യം. പ്രശ്നപരിഹാരത്തിൽ യുഎസ് ഇടപെട്ടിരുന്നുവെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പല തവണ ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ വിശദീകരണങ്ങൾ നൽകേണ്ടതുണ്ടെന്നാണു രാജ്യത്തിന്റെ വിലയിരുത്തൽ. 

തരൂരിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് അറിഞ്ഞില്ല 

വിദേശ രാജ്യങ്ങളിലേക്കു സംഘത്തെ വിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പാർട്ടിയോട് ആലോചിക്കാതെ ശശി തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇതിനു പിന്നാലെ പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. രാജ്യതാൽപര്യത്തിനു പ്രാധാന്യം നൽകിയുള്ള തീരുമാനമേ കോൺഗ്രസ് എടുക്കാറുള്ളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കാത്തതുൾപ്പെടെ വിമർശനം കോൺഗ്രസ് ആവർത്തിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യത്തോടു സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന വിമർശനവും കോൺഗ്രസ് ഉയർത്തി.

English Summary:

India's Diplomatic Offensive: India's counter-terrorism diplomacy involves multiple international delegations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com