ADVERTISEMENT

ന്യൂഡൽഹി ∙ വഖഫ് സമർപ്പണത്തിന് അർഹത നിശ്ചയിക്കാൻ ‘ഇസ്‌ലാം വിശ്വാസി’ എന്നു തിട്ടപ്പെടുത്തുന്നത് എങ്ങനെയെന്ന് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ ചോദ്യം. വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്നലെ വാദം തുടങ്ങിയപ്പോഴാണ് ഹർജിക്കാർ ഈ ചോദ്യമുന്നയിച്ചത്. മരണക്കിടക്കയിലായിരിക്കെ വഖഫ് സമർപ്പണം ആഗ്രഹിക്കുന്ന ഒരാൾ 5 വർഷം ഇസ്‌ലാം മതം പിന്തുടരണമെന്നു പറയുന്നതു ഭരണഘടനാവിരുദ്ധമാണ്. ഒരാൾ ഇസ്‌ലാം വിശ്വാസം 5 വർഷം പിന്തുടരുന്നുണ്ടോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യമുയർന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ടു ഭരണഘടന നൽകുന്ന അവകാശങ്ങളെ ഈ നിർവചനത്തിലൂടെ കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദിച്ചു. 2 മണിക്കൂറായി നിശ്ചയിച്ചു തുടങ്ങിയ വാദം ഇന്നലെ 3 മണിക്കൂർ 45 മിനിറ്റ് നീണ്ടു. ഇന്നു കേന്ദ്ര സർക്കാർ മറുപടി നൽകും.

കോടതിയിൽ സംഭവിച്ചത്:

1). വഖഫ് പിടിച്ചെടുക്കാനുള്ള നീക്കം

3 വിഷയങ്ങളെ അടിസ്ഥാനമാക്കി വാദം ചുരുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭിപ്രായത്തെ ഹർജിക്കാർ എതിർത്തു. സത്യവാങ്മൂലം നൽകിയപ്പോൾ ഹർജിക്കാർ കൂടുതൽ വിഷയങ്ങളിലേക്കു കടന്നുവെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആക്ഷേപം. ഹർജിക്കാർ ഉന്നയിച്ചതിൽ ഗുരുതരസ്വഭാവമുള്ള ചില വാദങ്ങൾ രേഖയിലാക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാദത്തിനിടെ ഇവയിൽ വിശദീകരണം തേടും. വഖഫ് പിടിച്ചെടുക്കാനുള്ള നടപടിയാണു ഭേദഗതിയെന്നു സിബൽ വിമർശിച്ചു. തർക്കത്തിലുള്ള സ്വത്തുക്കൾ കലക്ടർക്കു മുകളിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് ഏറ്റെടുക്കുന്നതാണു സ്ഥിതി.

‘വഖഫ് അല്ലാഹുവിനുള്ള സമർപ്പണമാണ്. അതു പിന്നീടു മാറ്റാനാകില്ല. ഒരിക്കൽ വഖഫായിരുന്നത് എപ്പോഴും വഖഫാണ്. ഭരണഘടനാപരമായി സർക്കാരിനു മതസ്ഥാപനങ്ങൾക്കു പണം നൽകാനാകില്ല. ശവസംസ്കാര സ്ഥലമുണ്ടാക്കണമെങ്കിൽ സ്വകാര്യസ്വത്തുപയോഗിച്ചേ പറ്റു. ദാനദർമങ്ങളിലൂടെയാണ് ഇതു നിലനിൽക്കുന്നത്’–സിബൽ പറഞ്ഞു. ദർഗകൾക്കു പണം ലഭിക്കുന്നുണ്ടല്ലോ എന്നു കോടതി ചോദിച്ചപ്പോൾ, ദർഗകളും മസ്ജിദും വ്യത്യസ്തമാണെന്നായിരുന്നു പ്രതികരണം.

2). ഇല്ലാതാകുന്നത് വഖഫ് സ്വത്വം

വഖഫ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്ന സ്വത്തുക്കളെ വഖഫായി അയോധ്യക്കേസിൽ അംഗീകരിച്ചതാണ്. റജിസ്റ്റർ ചെയ്തില്ലെങ്കിൽ വഖഫല്ലാതായി മാറുമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇപ്പോഴത്തെ ഭേദഗതി വഖഫിന്റെ സ്വത്വം തന്നെ ഇല്ലാതാക്കും. വഖഫ് ബൈ യൂസർ ആണെങ്കിൽ 2013 വരെ റജിസ്റ്റർ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ജുമാമസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമ്പോൾ പഴയ വഖഫ് നിയമപ്രകാരം ഉടമസ്ഥാവകാശത്തിൽ മാറ്റം വരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല. ഉടമസ്ഥാവകാശം ഉൾപ്പെടെ പൂർണമായി പുരാവസ്തുവകുപ്പ് ഏറ്റെടുക്കും –സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള ഖജുരാഹോയിലെ ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് അവസരമുണ്ടല്ലോയെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ, കേന്ദ്ര വഖഫ് കൗൺസിലിൽ ഭൂരിപക്ഷം അമുസ്‌ലിം അംഗങ്ങളായേക്കും.സംസ്ഥാന വഖഫ് ബോർഡുകളിൽ നാമനിർദേശമാകും. ഇതുവഴി വഖഫ് പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു സംസ്ഥാന ബോർഡിൽ അമുസ്‌ലിമിനു സിഇഒ പോലും ആകാമെന്നും സിബൽ വാദിച്ചു. അങ്ങനെ നിയമത്തിൽ ഇല്ലല്ലോയെന്നു കോടതി ചോദിച്ചു. 

3). വഖഫ് പദവി പ്രശ്നത്തിൽ

‘വഖഫ് ഭൂമിയുടെ കാര്യത്തിൽ മൂന്നാമതൊരാൾ എതിർപ്പുന്നയിച്ചാൽ അതു വഖഫ് ഭൂമി അല്ലാതാകുമെന്ന തരത്തിലുള്ള വ്യവസ്ഥകൾ ഭേദഗതിയിലുണ്ട്. പഞ്ചായത്തോ സ്വകാര്യ വ്യക്തിയോ എതിർപ്പറിയാച്ചാൽ വഖഫ് പദവി നഷ്ടമാകുന്നതാണ് സ്ഥിതി. സർക്കാരുമായി അല്ല തർക്കമെങ്കിൽപോലും വഖഫ് പദവി റദ്ദു ചെയ്യപ്പെടുമെന്ന 3 (ആർ) വകുപ്പാണ് പ്രശ്നം. റജിസ്ട്രേഷനുമായി ബന്ധപ്പെട്ട പോർട്ടലിലും ഡേറ്റ ബേസിലും വിവരങ്ങൾ നൽകേണ്ട വകുപ്പ് അതിലേറെ കുഴപ്പം പിടിച്ചതാണ്– സിബൽ പറഞ്ഞു.

4). വഖഫ് മതപരം

ബോർഡിലും കൗൺസിലിലും മുസ്‌ലിം അംഗങ്ങൾക്കുള്ള ഭൂരിപക്ഷം നഷ്ടമാകുമെന്നും ഹർജിക്കാർ ആശങ്ക അറിയിച്ചു. അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതു തന്നെ ശരിയല്ല. ഹിന്ദു, സിഖ്, ക്രിസ്ത്യൻ മതധർമസ്ഥാപനങ്ങളിൽ അവർ തന്നെയാണുള്ളതെന്നു സിബൽ പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉൾപ്പെടെ എല്ലായിടത്തും എക്സ്‌ ഒഫിഷ്യോ അംഗങ്ങളടക്കം ഹിന്ദുക്കളാണ്. ബ്രിട്ടിഷ് കാലത്തും മറ്റും വഖഫ് സ്വത്തുക്കളുടെ സ്വത്വത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നു രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. വിശ്വാസഅടിത്തറയില്ലാതെ ഒരു മതത്തിനും പിടിച്ചുനിൽക്കാനാകില്ല. അയോധ്യക്കേസിലേത് ഉൾപ്പെടെ സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളുടെ മുൻകാല വിധികൾക്ക് എതിരാണ് ഈ ഭേദഗതികളെന്നും ധവാൻ വാദിച്ചു.

5). റജിസ്ട്രേഷൻ നൂലാമാല

വഖഫ് റജിസ്ട്രേഷന്റെ പേരിൽ ആളെ നിരന്തരം ഓഫിസിൽ കയറ്റിയിറക്കാൻ പോന്ന ഒന്നാണ് ഭേദഗതിയെന്നാണ് അഭിഷേക് മനു സിങ്‌വിയുടെ അഭിപ്രായം. 2013 ലെ ഭേദഗതിക്കു ശേഷം പുതിയ വഖഫ് റജിസ്ട്രേഷൻ പല മടങ്ങായെന്നാണ് സർ‍ക്കാർ വാദം. 2013 ലാണ് പോർട്ടൽ തുറന്നത്. ഇതിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതാണ് നടക്കുന്നത്. അതു വഖഫ് സ്വത്തുക്കളിലെ വർധനയല്ല, മറിച്ചു വെറും അപ്ഡേഷൻ മാത്രമാണ്. സിബലിനും ധവാനും സിങ്‌വിക്കും പുറമേ, സി.യു.സിങ്, ഹുഫൈസ അഹമ്മദി എന്നിവരും ഏതാനും മിനിറ്റ് വാദിച്ചു.

6). താജ്മഹലും സംഭലും പറഞ്ഞ് ഹർജിക്കാർ

താജ്മഹൽ സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്ന കാലത്ത് ഇപ്പോഴത്തെ ഭേദഗതികൾക്കു പ്രാബല്യമുണ്ടായിരുന്നെങ്കിൽ താജ്‌മഹലിന്റെ സ്വത്വം തന്നെ ഇല്ലാതായി പോകുമായിരുന്നുവെന്ന് ഹർജിക്കാർ പറഞ്ഞു. എഎസ്ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സംരക്ഷിത സ്മാരകങ്ങളുടെ പട്ടിക പ്രകാരം, യുപി ചന്ദൗസിയിലെ സംഭൽ ജുമാമസ്ജിദിനും വഖഫ് സ്വഭാവം നഷ്ടമാകും. കോടതിയുടെ പരിഗണനയിലാണ് സംഭൽ വിഷയം. 

7). എന്താണ് വഖഫ് കേസ്

വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. നൂറുകണക്കിന് ഹർജികളെത്തിയെങ്കിലും അതിൽ 5 എണ്ണം പ്രധാന ഹർജിയായി എടുത്താണു കോടതി വിഷയം പരിഗണിക്കുന്നത്. ബാക്കിയുള്ളവയെ ഇടപെടൽ ഹർജിയായും കണക്കാക്കും.വഖഫായി സമർപ്പിച്ചിട്ടില്ലെങ്കിലും അത്തരത്തിൽ ഉപയോഗിച്ചുവരുന്ന സ്വത്ത് (വഖഫ് ബൈ യൂസർ) അടക്കം വഖഫ് സ്വത്തുക്കളെ ആ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന (ഡീനോട്ടിഫിക്കേഷൻ) നടപടി, സർക്കാർ ഭൂമിയാണോ എന്നു തർക്കത്തിലുള്ള വഖഫ് സ്വത്തിന്റെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് വരുന്നതു വരെ അതിനെ വഖഫായി കരുതരുതെന്ന വ്യവസ്ഥ, കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്ന വ്യവസ്ഥ തുടങ്ങിയവ കേസിൽ തീർപ്പാകുംവരെ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പു നൽകിയിരിക്കുന്നത്.

English Summary:

Supreme Court Scrutinizes Waqf Act Amendments: Religious Freedom at Stake?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com