പരിഷ്കരണം ‘റദ്ദാക്കി’; സുപ്രീം കോടതിക്ക് പഴയ ലോഗോ തന്നെ മതി

Mail This Article
ന്യൂഡൽഹി ∙ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്തു കൊണ്ടുവന്ന ലോഗോ പരിഷ്കരണം ഒഴിവാക്കിയതിനു സുപ്രീം കോടതിയിൽ സമ്മിശ്ര പ്രതികരണം. പഴയ ലോഗോ പുനഃസ്ഥാപിച്ച ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നീക്കത്തിനു മുതിർന്ന അഭിഭാഷകർ പിന്തുണയറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്തു സുപ്രീം കോടതിയുടെ ഇടനാഴിയിൽ സ്ഥാപിച്ച ഗ്ലാസ് മറയും അഭിഭാഷകസംഘടനകളുടെ ആവശ്യപ്രകാരം ഒഴിവാക്കി. ലോഗോ ഒരു വർഷം പോലും തികയും മുൻപ് ഒഴിവാക്കിയതിനു കാരണം കോടതി വിശദീകരിച്ചില്ല. സുപ്രീം കോടതിക്ക് അതിന്റെ തനിമയും പ്രൗഢിയും തിരിച്ചുനൽകാനുള്ള ശ്രമമെന്നാണ് നടപടിയെ അനുകൂലിക്കുന്നവരുടെ വിശദീകരണം.
കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയുടെ 75–ാം വാർഷിക ചടങ്ങിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഡി.വൈ. ചന്ദ്രചൂഡും ചേർന്ന് പുതുക്കിയ ലോഗോ പ്രകാശിപ്പിച്ചത്. ഇതു പതിപ്പിച്ച നീല പതാകയും അവതരിപ്പിച്ചു. സുപ്രീം കോടതി മന്ദിരം, ഭരണഘടന, അശോക ചക്രം എന്നിവ ചേർത്തായിരുന്നു പരിഷ്കരണം. അശോകസ്തംഭവും അശോകചക്രവും ചേർന്ന പഴയ ലോഗോയാണ് പുനഃസ്ഥാപിച്ചത്. മുറികളിലെയും വരാന്തയിലെയും എസി തണുപ്പ് പുറത്തേക്കു പോകുന്നത് ഒഴിവാക്കാനാണ് ഗ്ലാസ് മറ സ്ഥാപിച്ചത്. സുപ്രീം കോടതിയുടെ തനിമയ്ക്ക് ഇതാവശ്യമില്ലെന്ന നിലപാടാണ് ബാർ അസോസിയേഷന്.