പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കമൽ; നിലപാടിൽ മാറ്റമില്ല

Mail This Article
ചെന്നൈ, ബെംഗളൂരു ∙ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഇന്നു റിലീസ് ചെയ്യാനിരിക്കെ, കന്നഡ ഭാഷ ജനിച്ചത് തമിഴിൽ നിന്നാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് കമൽ ഹാസൻ സൂചന നൽകി.
തനിക്കൊപ്പം അണിനിരന്ന തമിഴ്നാട്ടുകാർക്ക് നന്ദി അറിയിച്ച കമൽ, ജീവനും ജീവിതവും തമിഴ് തന്നയെന്ന മുദ്രാവാക്യത്തിന്റെ അർഥം താൻ പൂർണമായും മനസ്സിലാക്കിയെന്നും വ്യക്തമാക്കി. ഇന്നലെ നടന്ന സിനിമയുടെ പ്രചാരണ ചടങ്ങിൽ വിവാദത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല.
വിഷയത്തെ ഇത്രയേറെ ശ്രദ്ധയിലെത്തിച്ച മാധ്യമങ്ങൾക്കു നന്ദി പറഞ്ഞ നടൻ പറയാനുള്ള കാര്യങ്ങൾ പിന്നീട് പറയുമെന്നും കൂട്ടിച്ചേർത്തു. കമലിന്റെ രാഷ്ട്രീയ പാർട്ടി മക്കൾ നീതി മയ്യം തമിഴ്നാട്ടിലുടനീളം ‘സ്നേഹം മാപ്പ് പറയില്ല’ എന്ന മുദ്രാവാക്യമുള്ള പോസ്റ്ററുകൾ പതിച്ചു.
ഇതിനിടെ, കമലിന്റെ പരാമർശങ്ങളെ പൂർണമായും പിന്താങ്ങി ഡിഎംകെ മന്ത്രി കെ.എൻ.നെഹ്റു രംഗത്തെത്തി. കമൽ പറഞ്ഞതിൽ ഒരു പിശകുമില്ലെന്നും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും തമിഴിൽ നിന്നാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന നിലപാടിനെതിരെ ഹൈക്കോടതിയിലുള്ള കേസിൽ ബെംഗളൂരുവിലെ ചില തിയറ്റർ ഉടമകൾ കക്ഷിചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമ കർണാടകത്തിൽ റിലീസ് ചെയ്തില്ലെങ്കിൽ നിർമാണ കമ്പനിക്കു മൊത്തം വരുമാനത്തിൽ 35 മുതൽ 40 കോടി രൂപ വരെയും നിർമാതാവിന്റെ വിഹിതത്തിൽ 12 മുതൽ 15 കോടി രൂപ വരെയും നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തൽ. തമിഴ് സിനിമകളുടെ മൊത്തം വരുമാനത്തിന്റെ 7% കർണാടകയിൽനിന്നാണു ലഭിക്കുന്നത്.