മഞ്ഞുരുകി; ഇന്ത്യയും കാനഡയും വീണ്ടും സൗഹൃദവഴിയിൽ

Mail This Article
കനാനസ്കിസ് (കാനഡ)∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്ന് വിള്ളൽ വീണ ഇന്ത്യ–കാനഡ ബന്ധം വീണ്ടും സൗഹൃദവഴിയിൽ. ജി 7 ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ചർച്ചകളിലാണ് മഞ്ഞുരുകിയത്. തിരികെ വിളിച്ച നയതന്ത്രപ്രതിനിധികളെ ആദ്യഘട്ടമായി ഇരു രാജ്യങ്ങളും മടക്കി അയയ്ക്കും. മന്ത്രിതലത്തിലുള്ള ചർച്ചകളിലൂടെ മറ്റുപ്രശ്നങ്ങൾ പരിഹരിക്കും. നിർത്തിവച്ച വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനും പ്രധാനമന്ത്രിമാർ തീരുമാനിച്ചു. നരേന്ദ്രമോദിയുടെ ജി 7 ഉച്ചകോടിയിലെ സാന്നിധ്യം ലോകസമ്പദ്ഘടനയിൽ ഇന്ത്യ വഹിക്കുന്ന പങ്കിന്റെ തെളിവാണെന്ന് മാർക്ക് കാർണി പറഞ്ഞു.
ഇന്ത്യയുടെ അയൽക്കാർ ഭീകരതയുടെ ഉൽപാദകരാണെന്നും ഈ വെല്ലുവിളിക്കെതിരെ കണ്ണടയ്ക്കുന്നത് മാനവികതയോടു ചെയ്യുന്ന വെല്ലുവിളി ആകുമെന്നും ജി 7 രാജ്യങ്ങളുടെ തലവന്മാരെ അഭിസംബോധന ചെയ്തു നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനുനേരേയുള്ള ആക്രമണമാണ് പഹൽഗാമിൽ നടന്നത്. ഭീകരപ്രവർത്തകരെ വളർത്തുന്നവരെയും അതിന്റെ വെല്ലുവിളികൾ നേരിടുന്നവരെയും ഒരുപോലെ കാണാൻ പാടില്ലെന്നും മോദി പറഞ്ഞു. ഉച്ചകോടിയിൽനിന്ന് ക്രൊയേഷ്യയിലേക്കാണ് മോദി പോയത്. ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്.
പൊതുപ്രമേയമില്ല; യുക്രെയ്ൻ യുദ്ധത്തിൽ പൊതുനിലപാടില്ല
റഷ്യ–യുക്രെയ്ൻ സംഘർഷം സംബന്ധിച്ചു പൊതുനിലപാടിൽ എത്താതെയാണ് ജി7 ഉച്ചകോടി അവസാനിച്ചത്. പൊതുനിലപാടിനു വിരുദ്ധമായി റഷ്യൻ അനുകൂല നിലപാട് സ്വീകരിച്ച് നേരത്തേ മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയമാണ് ഭിന്നത സൃഷ്ടിച്ചത്. ഉച്ചകോടിക്ക് എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി മറ്റു നേതാക്കൾ ചർച്ച നടത്തി. കാനഡ യുക്രെയ്നിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
ട്രംപ് നേരത്തേ മടങ്ങിയതിനെ തുടർന്നു പൊതുപ്രമേയം ഒപ്പുവയ്ക്കാതെയാണ് ഉച്ചകോടി പിരിഞ്ഞത്. പൊതുപ്രമേയത്തിനായി ചർച്ച ചെയ്ത ധാതുഖനനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒരുമിച്ചു നീങ്ങാൻ മറ്റു നേതാക്കൾ തീരുമാനിച്ചു. ഇറാനിൽ അധികാരമാറ്റത്തിനുള്ള ശ്രമം മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ യുഎസിന് മുന്നറിയിപ്പ് നൽകി.