Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാല പ്രതിപക്ഷ സഖ്യത്തിനു തുടക്കം; സംയുക്ത സമരത്തിന് എട്ടു പാർട്ടികൾ

rahul-mamatha ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ വിശാല പ്രതിപക്ഷ സഖ്യത്തിനു വഴിതുറന്ന് എട്ടു പ്രതിപക്ഷ കക്ഷികൾ രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, മുസ്‌ലിം ലീഗ്, ജെഡിഎസ്, ജാർഖണ്ഡ് മുക്തി മോർച്ച, എഐയുഡിഎഫ് (അസം) എന്നിവയാണു കേന്ദ്ര സർക്കാരിനെതിരെ കൈകോർത്തത്. നോട്ട് റദ്ദാക്കലിനെതിരെ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രക്ഷോഭം നടത്താനും അവർ തീരുമാനിച്ചു.

ഒരൊറ്റ തീരുമാനം കൊണ്ടു രാജ്യത്തെ വർഷങ്ങൾ പിന്നോട്ടടിച്ച പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണം, സഹാറ–ബിർള ഡയറികളിലെ പരാമർശങ്ങളെക്കുറിച്ചു വിശദീകരിക്കണം – അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന ഇടതു പാർട്ടികളും ജെഡിയുവും പിൻവലിഞ്ഞ‌തു പ്രതിപക്ഷ ഐക്യനീക്കത്തിനു തിരിച്ചടിയായി.

എൻസിപിയും യോഗത്തിനെത്തിയില്ല. എന്നാൽ, വിവിധ ആശയങ്ങളും നിലപാടുകളുമുള്ള എട്ടു പാർട്ടികൾ ഒന്നിച്ചതു കോൺഗ്രസിന് ഉണർവായി. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ മേധാവിയുമായ മമത ബാനർജി തന്നെയാണ് എത്തിയത്.

പ്രതിപക്ഷ യോഗത്തിലും പിന്നീടു മാധ്യമസമ്മേളനത്തിലും പ്രധാനമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ചതും മമതയാണ്. നരേന്ദ്ര മോദി രാജ്യത്തെ 20 വർഷം പിന്നോട്ടടിച്ചു. രാജ്യമെങ്ങും അസ്വസ്ഥതകൾ വർധിക്കുന്നു. മണിപ്പുർ കത്തിയെരിയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണു രാജ്യം നേരിടുന്നത്.

ഫെഡറൽ സംവിധാനം വെല്ലുവിളി നേരിടുന്നു. പാർലമെന്റ് ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങൾക്കു പ്രസക്തി ഇല്ലാതായി. പ്രധാനമന്ത്രിയുടെ രാജിയാണ് ഏക രക്ഷാമാർഗം – മമത പറഞ്ഞു. നോട്ട് റദ്ദാക്കലിനെതിരായ പ്രക്ഷോഭത്തിനു പൊതു മിനിമം പരിപാടി രൂപീകരിക്കുമെന്നു വെളിപ്പെടുത്തിയതും അവരാണ്. രാജിയെക്കാൾ പ്രധാനമന്ത്രിക്കെതിരായ അഴിമതിയാരോപണത്തിലാണു രാഹുൽ ഊന്നിയത്.

സഹാറ–ബിർള ഡയറികളിലെ പരാമർശങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരണം നൽകണം. കോഴ കൈപ്പറ്റിയെന്നു സംശയിക്കപ്പെടുന്ന എല്ലാവർക്കുമെതിരെ അന്വേഷണം നടത്തണം – രാഹുൽ ആവശ്യപ്പെട്ടു. ഇതേസമയം, മമത ബാനർജിക്കൊപ്പം പ്രധാനമന്ത്രിയുടെ രാജിക്കു വേണ്ടി സമ്മർദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 കാത്തിരിപ്പുദിനങ്ങൾ കഴിഞ്ഞാൽ പ്ര‌‌തിപക്ഷസമരം ശക്തമാക്കും. ഇപ്പോൾ ‌മാറിനിൽ‌ക്കുന്നവർ വൈകാതെ ഐക്യനിരയുടെ ഭാഗമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പാർലമെന്റ് സമ്മേളനത്തിനൊടുവിൽ പറ്റിയ കൈപ്പിഴയുടെ പേരിൽ തകർന്ന പ്രതിപക്ഷ ഐക്യം പുനരുജ്ജീവിപ്പിക്കുന്നതിനു കോൺഗ്രസ് നടത്തിയ ആദ്യ ശ്രമമായിരുന്നു ഇത്.

പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കർക്കശ നിലപാടു തുടരുന്നതിനിടെ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതു മറ്റു പാർട്ടികളെ പ്രകോപിപ്പിക്കുകയായിരുന്നു. അന്നേറ്റ തിരിച്ചടിക്കുശേഷം ഇന്നു പ്രതിപക്ഷം ഒരു ചുവടു മുന്നോട്ടുവയ്ക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ സർക്കാരിനുമെതിരെ വിശ്വസനീയ പ്രതിപക്ഷ ബദൽ രൂപപ്പെടുമെന്നു കരുതാൻ സമയമായില്ലെങ്കിലും.

Your Rating: