ADVERTISEMENT

ലക്നൗ∙ നഗരത്തിലെ അതിസുരക്ഷാമേഖലയിൽ താമസിക്കുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിയെ പിടികൂടി ഉത്തർപ്രദേശ് പൊലീസ്. റെയിൽവേ ഉദ്യോഗസ്ഥന്റെ മകളും ദേശീയ ഷൂട്ടിങ് താരവുമായ 14കാരിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ.

പെൺകുട്ടി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് റെയിൽവെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന രാജേഷ് ദത്ത് ബാജ്പെയ്‌യുടെ ഭാര്യ മാലിനി ബാജ്പെയ്(45), മകൻ ശരത്(20) എന്നിവർ കൊല്ലപ്പെട്ടത്. മകൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജേഷ് ദത്ത് സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. അതിസുരക്ഷാമേഖലയിൽ ഇത്തരമൊരു അക്രമം അരങ്ങേറിയത് സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കി.

കവർച്ചാശ്രമമല്ലെന്ന് തുടക്കത്തിലേ ബോധ്യമായതോടെ പെൺകുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പെൺകുട്ടിയുടെ മുറി പരിശോധിച്ചതോടെ ചില അസ്വാഭാവികതകൾ പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. വിഷാദത്തിന് അടിമപ്പെട്ടിരുന്നതിനാലാണ് പെൺകുട്ടി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മുറിയിലെ കുറിപ്പുകളും ശുചിമുറിയിലെ കണ്ണാടി തകർന്നതുമെല്ലാം തുടക്കം മുതലേ സംശയത്തിനിടയാക്കിയിരുന്നു.

ഇതേത്തുടർന്നാണ് പൊലീസ് പെൺകുട്ടിയെ ചോദ്യംചെയ്തത്. കുളിമുറിയിലെ കണ്ണാടിയിൽ ‘ഞാൻ അയോഗ്യനായ മനുഷ്യൻ’ എന്ന് എഴുതിയശേഷം വെടിവച്ചു തകർത്തു. പിന്നാലെ ഉറങ്ങിക്കിടന്ന അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചതിന് ശേഷം പെൺകുട്ടി ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ മുറിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്കും വിചിത്രമായ ചില ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടെത്തി. പഠനത്തിൽ മികച്ചനിലവാരം പുലർത്തിയിരുന്ന പെൺകുട്ടി ഏത് സാഹചര്യത്തിലാണ് കൊലപാതകത്തിന് മുതിർന്നതെന്ന് അന്വേഷിക്കുമെന്നും ഇതിന് മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.

English summary: Railway official's minor girl kills mother and brother in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com