ADVERTISEMENT

കൊച്ചി∙ ‘എനിക്കു ശ്വാസം മുട്ടുന്നു’ – ഈ വാക്കുകൾ ലോകമെമ്പാടും വർണവെറിക്കെതിരെയുള്ള മുദ്രാവാക്യമായിട്ട് മൂന്നു മാസങ്ങൾ പിന്നിടുന്നേയുള്ളൂ. യുഎസിലെ മിനിയപ്പലിസിൽ പൊലീസ് കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചതാണ് ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കിയത്. മേയ് അവസാനം നടന്ന സംഭവത്തിനു പിന്നാലെ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി കറുത്തവർഗക്കാരുടെ പുതിയ മുദ്രാവാക്യമായി. ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടൂന്നി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ഉയർത്തിക്കാട്ടി ആ കൊടുക്രൂരതയ്ക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഇരമ്പി.

ഇപ്പോൾ കേരളത്തിൽ ആ ചിത്രം വീണ്ടും ചർച്ചയാകുകയാണ്. കൂടെ പൊലീസ് അതിക്രമം വെളിവാക്കുന്ന മറ്റൊരു ചിത്രവും. അങ്കമാലിയിൽ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫ്ലോയ്ഡ് നേരിട്ട അതിക്രമത്തോട് താരതമ്യം ചെയ്താണ് ചർച്ചകൾ ഏറെയും. പ്രമുഖ നേതാക്കളും ചലച്ചിത്ര സംവിധായകരുമടക്കമുള്ളവര്‍ പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നു.

മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫറായ ജോസ്കുട്ടി പനയ്ക്കലാണ് ഈ ചിത്രം പകർത്തിയത്. ഒരു കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പൊലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘പൗരനും പിണറായി സർക്കാരും’ എന്ന തലക്കെട്ടോടെയാണ് വി.ടി.ബൽറാം എംഎല്‍എ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തെത്തി.

america-police-crime
ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ടൂന്നി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

‘കമഴ്ത്തികിടത്തി പുറത്തുകയറിയിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. കൂച്ചുവിലങ്ങിട്ട രീതിയില്‍ റോഡിൽ അമർന്ന് കോൺഗ്രസ് പ്രവർത്തകൻ’ – യുഎസ് പൊലീസിന്റെ കേരള പതിപ്പാണ് അങ്കമാലിയിൽ നടന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. മന്ത്രി കടന്നപോയി കഴിഞ്ഞിട്ടും മറ്റു പ്രവർത്തകരെത്തി ബഹളംവച്ചപ്പോൾ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥൻ അയഞ്ഞത്. പ്രതിഷേധിക്കാനുള്ള അവകാശത്തെ പ്രാകൃതമായ രീതിയിൽ പൊലീസ് നേരിടുന്നു എന്നാണ് പ്രധാന വിമർശനം. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Angamaly-police-cruelty-youth-congress
അങ്കമാലിയിൽ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ശരീരത്തിൽ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴിയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ∙ മനോരമ

English Summary: Police Cruelty Against Youth Congress Worker: Discussions in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com