ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പ്രഖ്യാപിച്ചതിനു മറുപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ‘മനുഷ്യാവകാശങ്ങൾ രാജ്യത്തിന്റെ നിയമത്തെ ധിക്കരിക്കുന്നതിന് ഒഴികഴിവായിരിക്കില്ല’ എന്നു കേന്ദ്രം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സർക്കാർ മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ആംനെസ്റ്റി ഇന്റർനാഷനൽ പ്രവർത്തനം അവസാനിപ്പിച്ചത്.

‘മാനുഷിക പ്രവർത്തനങ്ങളെക്കുറിച്ചും ഭരണകൂടത്തോടു സത്യം സംസാരിക്കുന്നതിനെ കുറിച്ചുമുള്ള അവരുടെ തിളക്കമാർന്ന പ്രസ്താവനകൾ ഇന്ത്യൻ നിയമങ്ങൾക്കു വിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടത്തിയ ക്രമക്കേടുകളെയും നിയമവിരുദ്ധതകളെയും കുറിച്ച് ഒന്നിലധികം ഏജൻസികളുടെ അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണിത്’– പ്രസ്താവനയിൽ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

‘മറ്റു പല സംഘടനകളെയും പോലെ ഇന്ത്യയിൽ മാനുഷിക പ്രവർത്തനങ്ങൾ തുടരാൻ ആംനെസ്റ്റിക്ക് സ്വാതന്ത്ര്യമുണ്ട്. വിദേശ സംഭാവനകൾ ലഭിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ നിയമം അനുവദിക്കുന്നില്ല. നിയമം എല്ലാവർക്കും തുല്യമാണ്. ആംനെസ്റ്റി ഇന്റർനാഷനലിനും ഇതു ബാധകമാണ്.’– സർക്കാർ വിശദീകരിച്ചു. ഈമാസമാദ്യം  അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചുവെന്ന് ആരോപിച്ച ആനെസ്റ്റി, ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും പ്രവർത്തനം താൽക്കാലികമായി നിർത്തുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു.

English Summary: "Glossy Statements About Humanitarian Work A Ploy": Centre On Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com