ADVERTISEMENT

ഹത്രസ്∙ ഹത്രസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്‍‌വാഹ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ചിൽ തിങ്കളാഴ്ച കേസ് വാദം കേൾക്കുന്നതിനിടെയാണ് സീമ ഇക്കാര്യം ആവശ്യപ്പെട്ടത്. സിബിഐയുടെ റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കണമെന്നും കേസ് അവസാനിക്കും വരെ കുടുംബത്തിന് പൂർണ സുരക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൽ അടുത്ത വാദം നവംബർ 2ന് നടക്കും.

ഉത്തർപ്രദേശിലെ ഹത്രസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം യുപി പൊലീസിനെയും ജില്ലാ മജിസ്‌ട്രേറ്റിനെയും കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന് മുന്നില്‍ മൊഴി നല്‍കി. കുടുംബത്തിന്റെ പരാതി ഹൈക്കോടതി ബെഞ്ച് രേഖപ്പെടുത്തി.

കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണു പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദം ചെലുത്തിയെന്നും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു. യുപി പൊലീസില്‍ വിശ്വാസമില്ലെന്നും ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരിട്ട് ഹാജരാകാനും മൊഴി നൽകാനും കോടതി നിർദേശിച്ചിരുന്നു. കോടതി നല്‍കിയ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും പൊലീസുമാണ് ഇവരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. യുപി ഡിജിപി, എഡിജിപി, ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് എന്നിവരും ഹാജരായി. കോടതി പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതികൾ കേൾക്കുന്നു.

സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തുടർന്ന് വീട്ടുകാരുടെ അനുമതിയില്ലാതെ ഉത്തർപ്രദേശ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് സംസ്കരിച്ചിരുന്നു. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.

English Summary: Hathras Victim's Family Appear Before Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com