ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ടിവിയുടെ വിവാദ പരിപാടി ‘ബിന്ദാസ് ബോൽ’ ചില പരിഷ്കാരങ്ങൾ വരുത്തി മിതത്വം പാലിച്ച് സംപ്രേഷണം ചെയ്യാൻ അനുവദിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ. യുപിഎസ്‌സി ജിഹാദ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ നല്ല രീതിയിലുള്ളതല്ലെന്നും അത് സാമുദായിക മനോഭാവം വളർത്തുമെന്നും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം കോടതിയെ അറിയിച്ചു. ഇത് അപകടകരമാണെന്നും ഭാവിയിൽ അതീവശ്രദ്ധയോടെയേ സംപ്രേഷണം ചെയ്യാവൂ എന്ന് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ അറിയിച്ചു. 

ഉന്നത ഉദ്യോഗസ്ഥ തലങ്ങളിൽ മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന ആരോപണമുന്നയിച്ചുള്ളതാണു യുപിഎസ്‌സി ജിഹാദ് എന്ന പരിപാടി. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. തുടർന്ന് യുപിഎസ്‌സി ജിഹാദ് എന്നു പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങളുള്ളതെന്നു വിലയിരുത്തി കോടതി സംപ്രേഷണം തടഞ്ഞിരുന്നു.

മതങ്ങൾ, വിഭാഗം എന്നിവയെ ആക്ഷേപിക്കുകയോ മതവിഭാഗങ്ങളെ നീചമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളോ വാക്കുകയോ അഥവാ വർഗീയ നിലപാടുകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന കേബിൾ ടിവി നെറ്റ്‌വർക്ക് ചട്ടങ്ങൾ സംബന്ധിച്ച വാർത്താവിതരണ മന്ത്രാലയത്തിന്റെ 1994ലെ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പരിപാടി പ്രഥമദൃഷ്‌ട്യാ ചട്ടങ്ങൾ ലംഘിച്ചതായും ചാനലിനെതിരെ കാരണം കാണിക്കൽ നോട്ടിസ് അയച്ചതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് നോട്ടിസിനു നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും പരിപാടിയിൽ കാണിക്കുന്നില്ലെന്നും ഒരു പ്രത്യേക മത വിഭാഗത്തെ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് ഒരു സംഘടനയുടെ പ്രവർത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവരികമാത്രമാണ് ചെയ്തതെന്നുമാണു ചാനൽ നൽകിയ മറുപടിയെന്നാണ് സർക്കാർ ഇന്നു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

English Summary : Sudarshan TV Asked To "Modify" Future Show Episodes: Centre To Top Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com