ADVERTISEMENT

മുംബൈ ∙ ഒരു സുപ്രഭാതത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും എൻസിപിയിലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച സംഭവത്തിന് ഇന്നലെ ഒരു വർഷം തികഞ്ഞു. ഏതാണ്ട് 80 മണിക്കൂർ മാത്രം ആയുസ്സുണ്ടായിരുന്ന സർക്കാർ ഇരുവരുടെയും രാജിയോടെ ഇല്ലാതായിരുന്നു. തുടർന്നു വന്ന ഉദ്ധവ് താക്കറെ മന്ത്രിസഭയിലും അജിത് പവാർ തന്നെ ഉപമുഖ്യമന്ത്രിയായി എന്നതാണ് മറ്റൊരു തമാശ. സംഭവത്തെക്കുറിച്ച് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇന്നലെ മാധ്യമ പ്രവർത്തകരോട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.

എന്നാൽ ഇപ്പോഴത്തെ സർക്കാർ നിലംപതിച്ചാലും തിടുക്കത്തിൽ വീണ്ടുമൊരു സത്യപ്രതിജ്ഞ ഉണ്ടാകില്ലെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു. മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികളെ മരവിപ്പിക്കുകയാണ് ഉദ്ധവ് സർക്കാരെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി.

മറാഠ്‌വാഡ മേഖലയുടെ വികസനത്തിനായി ആവിഷ്‌കരിച്ച വാട്ടർ ഗ്രിഡ്, സിറ്റി വാട്ടർ പൈപ്പ്‌ലൈൻ പദ്ധതികൾ കോമ അവസ്ഥയിലാണ്. ചില മേഖലകളും മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഈ സർക്കാരിന്റെ പ്രവർത്തനം. മന്ത്രിമാരുടെ നിർദേശങ്ങൾ പോലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവഗണിക്കുകയാണ്-ഫഡ്‌നാവിസ് ആരോപിച്ചു.

‘പരീക്ഷണം’ ഇനി നടക്കില്ല

അജിത് പവാറിനെ ഒപ്പം കൂട്ടിയുള്ള ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണം ഇനി നടക്കില്ലെന്ന് ശിവസേന. ഇരുട്ടിന്റെ നാളുകളായിരുന്നു അത്. അടുത്ത 4 വർഷത്തേക്കെങ്കിലും ബിജെപി അധികാരത്തിന്റെ പ്രകാശം കാണില്ല''- ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ എംവിഎ തന്നെ വിജയിക്കും. പഴയ പരീക്ഷണം ബിജെപിക്കുണ്ടാക്കിയ ക്ഷീണം ഇനിയും മാറിയിട്ടില്ലെന്നും റാവുത്ത് പറഞ്ഞു.

കഴിഞ്ഞ വർഷം സംഭവിച്ചത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി സഖ്യത്തിനു കൂടുതൽ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കാരണം സർക്കാർ രൂപീകരിക്കാനായില്ല. തുടർന്ന് ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനിടയിലാണ് അജിത് പവാർ മറുകണ്ടം ചാടി ഫഡ്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അജിത് പവാർ തിരികെയെത്തിയതോടെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരണത്തിന് സാധ്യത തെളിഞ്ഞു.

English Summary: Devendra Fadnavis downplays his teaming up with Ajit Pawar to form govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com