ADVERTISEMENT

വാഷിങ്ടന്‍∙ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കറെ തയിബ നേതാവ് സാജിദ് മിറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ (ഏകദേശം 36 കോടി) രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക. 26/11 ആക്രമണം നടന്ന് 12 വര്‍ഷത്തിനിപ്പുറമാണ് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം ഇത്ര വലിയ തുക ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 

പാക്ക്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബയുടെ മുതിര്‍ന്ന അംഗമായ സാജിദ് മിര്‍ 2008 മുംബൈ ആക്രമണക്കേസിലെ പ്രതിയാണ്. ഏതെങ്കിലും രാജ്യത്ത് സാജിദ് മിറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പുരസ്‌കാരം നല്‍കുമെന്ന് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

2008 നവംബര്‍ 26-ന് പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച പത്തു ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ മരിച്ചിരുന്നു. താജ് ഹോട്ടല്‍, ഒബ്‌റോയ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ (ഛബാദ്) ഹൗസ്, ഛത്രപതി ടെര്‍മിനസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഒമ്പതു ഭീകരര്‍ കൊല്ലപ്പെടുകയും പിടിയിലായ അജ്മല്‍ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. 

ആക്രമണം ആസൂത്രണം ചെയ്തത് സാജിദ് മിര്‍ ആണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 2011ല്‍ സാജിദ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിക്കുകയും ചെയ്തു. രാജ്യത്തിനു പുറത്ത് അമേരിക്കന്‍ പൗരന്മാരെ കൊല്ലാന്‍ പദ്ധതിയിടുകയും സഹായിക്കുകയും ചെയ്തുവെന്ന കുറ്റമാണ് സാജിദിനെതിരെ ചുമത്തിയിരിക്കുന്നത്. ബന്ദികളെ കൊല്ലാനും ഗ്രനേഡ് എറിയാനും തീ വയ്ക്കാനും സാജിദ് നിര്‍ദേശിച്ചുവെന്നും അമേരിക്ക വ്യക്തമാക്കി. 2019ല്‍ മിറിനെ എഫ്ബിഐ 'കൊടുംഭീകര' പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാജിദ് മിറിന്റെ പാക്ക് ബന്ധം അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല. ഇന്ത്യ നല്‍കിയ തെളിവുകളും പാക്കിസ്ഥാന്‍ പരിഗണിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com