ADVERTISEMENT

കാസർകോട്∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കോട്ടാത്തലയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും കാര്യമായ വെളിപ്പെടുത്തല്‍ പ്രദീപ് നടത്തിയില്ല. ജാമ്യാപേക്ഷ ഇന്ന് ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കും.

ബേക്കല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്നുമാത്രമാണു പ്രദീപ് പൊലീസിനോട് പറഞ്ഞത്. കാസര്‍കോട് വന്നത് ആരാധനാലയത്തില്‍ സന്ദര്‍ശനം നടത്താനും ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനുമാണ് എന്ന മൊഴികളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. 

ചോദ്യം ചെയ്യലില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊല്ലത്ത് പോയി തെളിവെടുക്കാം എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. കൂടുതലായി വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ തിരുനല്‍വേലിയില്‍ പോകാനും പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലായ ആദ്യ ദിവസം മുതല്‍ പ്രദീപ് സഹകരിച്ചിരുന്നില്ല. 

ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഓഫിസിലാണ് ചോദ്യംചെയ്യല്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസര്‍കോട് എസ്പി നിയോഗിച്ച പ്രത്യേക സംഘം പത്തനാപുരത്തെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വസതിയില്‍നിന്നു പ്രദീപിനെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി സംഘം വിപുലപ്പെടുത്തിയിരുന്നു. ജനുവരി 24ന് മാപ്പുസാക്ഷിയുടെ ബന്ധുവിനെ ജ്വല്ലറിയില്‍ എത്തി നേരില്‍ കണ്ടെന്നും പിന്നീട് ഫോണ്‍ വിളിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. 

സെപ്റ്റംബര്‍ മാസത്തില്‍ ലഭിച്ച മൂന്ന് ഭീഷണിക്കത്തുകളെ കുറിച്ചാണ് വ്യക്തതയില്ലാത്തത്. ജനുവരിന് 20ന് മുന്‍പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നടന്ന യോഗം സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമെന്നാണ് എന്നാണ് പൊലീസ് നിഗമനം. യോഗത്തിനുശേഷം പ്രദീപ്, ദിലീപിന്‍റെ സഹായി അപ്പുണ്ണിയെ വിളിച്ചെന്നും സൂചനയുണ്ട്. 

കാസര്‍കോട് എത്തിയശേഷം പ്രദീപ് എങ്ങോട്ട് പോയെന്നതു സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്. അതിനിടെ, സോളര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പ്രദീപ് കോട്ടാത്തല വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. പ്രദീപിന്‍റെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ എട്ടിന് അവസാനിക്കും. ഹൊസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍‍ ആവശ്യപ്പെടും. 

English Summary: Actress abduction case: Pradeep Kottathala refuses to give statement to police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com