ADVERTISEMENT

ചെന്നൈ∙ വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കർണൻ അറസ്റ്റിൽ. ബുധനാഴ്ച ചെന്നൈയിൽ വച്ചാണു കർണനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാർ, മുൻ ജഡ്ജിമാർ തുടങ്ങിയവർക്കെതിരെയാണ് കർണൻ ആരോപണങ്ങളുയർത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ പൊലീസ് സൈബർ സെൽ കര്‍ണനെതിരെ കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കർണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് പരാതി നൽകിയിരുന്നു. കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജിമാർക്കു നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണു കർണൻ ഒരു വിഡ‍ിയോയിൽ ആരോപിച്ചത്.

ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് തമിഴ്നാട് ബാര്‍ കൗണ്‍സിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തടയാനും ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചു. കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്.  വനിതാ ജീവനക്കാരുടെ പേരുകളും വെളിപെടുത്തിയിരുന്നു.

ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണര്‍ സ്വമേയധാ കേസെടുത്ത് അഞ്ച് വര്‍ഷം കഠിനതടവു വിധിച്ചു. അടുത്ത ദിവസം കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെതിരേ കേസെടുത്തു.

English Summary: Ex-Judge C S Karnan Arrested By Chennai Police Over Abusive Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com