ADVERTISEMENT

ദ്ഭുതങ്ങളുടെ പക്ഷിക്കൂടാണ് 2008ലെ ബെയ്‌ജിങ് ഒളിംപിക്‌സിൽ ചൈന ലോകത്തിനു മുന്നിൽ തുറന്നത്. അടിമുടി ഹൈടെക്. ഉദ്‌ഘാടനച്ചടങ്ങുകൾ മഴയിൽ മുങ്ങാതിരിക്കാൻ 32,000 പേരടങ്ങുന്ന എൻജിനീയറിങ് പടയായിരുന്നു ഇതിൽ മുഖ്യം. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള കാലാവസ്ഥാ നിരീക്ഷണത്തിലും കൃത്രിമ മേഘ നിർമാണത്തിലും വിദഗ്‌ധരായ സംഘമാണ് അണിനിരന്നത്.

പക്ഷിക്കൂട് സ്‌റ്റേഡിയത്തിനു മുകളിൽ മഴ വീഴരുതെന്ന നിർദേശം പാലിക്കാൻ ബെയ്‌ജിങ് മുനിസിപ്പൽ കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിനു കീഴിലുള്ള കാലാവസ്‌ഥാ എൻജിനീയറിങ് ഓഫിസ് ആഞ്ഞുശ്രമിച്ചു. 2001 മുതൽ മഴയെ തടുക്കാനുള്ള ചൈനീസ് ശ്രമങ്ങളുടെ അനുഭവ സമ്പത്തായിരുന്നു മുതൽക്കൂട്ട്. മഴമേഘങ്ങളുടെ നീക്കം തടുത്തുനിർത്താനും വൈകിക്കാനുമായി 26 നിയന്ത്രണ കേന്ദ്രങ്ങളൊരുക്കി.

സിൽവർ അയോഡൈഡ് കണികകളടങ്ങിയ റോക്കറ്റുകളും ഷെല്ലുകളും ആകാശത്തേക്കു വിട്ട് മഴ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. മേഘങ്ങളിലെ ജലകണികകളെ തണുത്തുറയിക്കുകയും വലുതാക്കുകയും ചെയ്‌തു ബെയ്‌ജിങ്ങിനു മുകളിലെത്തും മുൻപേ വീഴ്‌ത്തുന്നതാണു പരിപാടി. ഇതിനായി നഗരത്തിനു ചുറ്റും റോക്കറ്റ് ലോഞ്ചറുകൾ വിന്യസിച്ചു. ഒട്ടേറെ ചെറുവിമാനങ്ങളും സജ്‌ജമാക്കി.

ഓരോ തവണയും 100 ഷെല്ലുകളോ നാലു റോക്കറ്റുകളോ വിക്ഷേപിക്കാനായിരുന്നു പദ്ധതി. മഴയെ ആട്ടിയോടിക്കുമെന്നു പ്രഖ്യാപിച്ച ചൈനയ്‌ക്കു പക്ഷേ അന്നതു പൂർണമായും സാധിച്ചില്ല. ഒളിംപിക് വേദി മഴയിൽ കുതിർന്നു. ഒരാഴ്‌ചയിലേറെ മൂടിക്കെട്ടി നിന്ന മേഘങ്ങൾ പെയ്യാൻ തുടങ്ങിയപ്പോഴേയ്‌ക്കും റോക്കറ്റുകളുടെ പ്രവാഹമായിരുന്നു. 1104 റോക്കറ്റുകളാണു വിക്ഷേപിച്ചത്.

Clouds

∙ ഇന്ത്യയുടെ 1.5 ഇരട്ടി വലിപ്പത്തിൽ പരീക്ഷണം

ആ മഴയിൽ കുതിർന്നെങ്കിലും ചൈന തളർന്നതേയില്ല. സൂക്ഷ്മമായ സംഘാടനം കൊണ്ട് ബെയ്ജിങ് ഒളിംപിക്സ് വിജയമായിരുന്നു. മഴയെ തടുക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും ആയ പരിപാടികളിൽ ചൈന കൂടുതൽ സജീവവുമായി. ബെയ്ജിങ്ങിൽ സുപ്രധാന രാഷ്ട്രീയ യോഗങ്ങൾ നടക്കുമ്പോൾ നേതാക്കൾക്ക് ആസ്വദിക്കാൻ പൊടിയുടെ പോലും തടസ്സമില്ലാത്ത തെളിഞ്ഞ ആകാശം വേണമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്ക് നിർബന്ധമാണ്. കാലാവസ്ഥയിൽ മാറ്റം വരുത്തിയും സമീപത്തെ ഫാക്ടറികൾ അടച്ചിട്ടുമാണ് അധികൃതർ നീലാകാശം ഒരുക്കാറുള്ളത്. പരീക്ഷണങ്ങൾ കൂട്ടി ഭീമമായ കാലാവസ്ഥാ പരിഷ്കരണത്തിന് ചൈന ലക്ഷ്യമിടുമ്പോൾ ആശങ്കയിലാണ് ലോകവും അയൽരാജ്യമായ ഇന്ത്യയും.

കാലാവസ്ഥയെ നല്ലതോതിൽ നിയന്ത്രിക്കാനും പരീക്ഷണം നടത്താനുമുള്ള വിപുലമായ പദ്ധതി കഴിഞ്ഞ ദിവസമാണു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പ്രഖ്യാപിച്ചത്. ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയിലാണു പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആകെ വിസ്തൃതിയേക്കാൾ (32.87 ലക്ഷം ചതുരശ്ര കിലോമീറ്റർ) ഒന്നര മടങ്ങ് വലിപ്പമുണ്ട് പദ്ധതിക്ക് എന്നതു ചൈനയുടെ മുന്നൊരുക്കങ്ങളുടെയും ലക്ഷ്യത്തിന്റെയും വ്യാപ്തി കാണിക്കുന്നു. 2025 ഓടെ പദ്ധതി പൂർണതോതിലാകുമെന്നാണു കണക്കാക്കുന്നത്. 2035 ഓടെ കാലാവസ്ഥാ പരിഷ്കാര പദ്ധതി ആഗോള തലത്തിൽ സജീവമാകുമ്പോഴേക്കും കളം പിടിക്കുകയാണു ലക്ഷ്യമെന്നു സ്റ്റേറ്റ് കൗൺസിൽ വ്യക്തമാക്കുന്നു.

കൃത്രിമ മഴയും മഞ്ഞുവീഴ്ചയും നടപ്പിലാക്കുന്ന പ്രദേശങ്ങളുടെ പരിധിയാണ് 5 വർഷത്തിനകം 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേക്കു വ്യാപിപ്പിക്കുക. ഇതിൽ 5.80 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആലിപ്പഴ വീഴ്ചാനിയന്ത്രണ (Hail Suppression) സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക. ദുരന്ത നിവാരണം, കാർഷികോൽപാദനം, പുൽമേടുകളും കാടുകളും കത്തുമ്പോഴുള്ള അടിയന്തര പ്രതികരണം, വരൾച്ച, ഉയർന്ന ചൂട് തുടങ്ങിയവയെ നേരിടാൻ പദ്ധതി സഹായിക്കുമെന്നാണു ചൈനയുടെ അവകാശവാദം. ആവശ്യമുള്ളിടത്തു കൃത്രിമമായി മഴ പെയ്യിക്കാനും വേണ്ടെന്നു തോന്നുന്നിടത്തുനിന്നു മഴമേഘങ്ങളെ ഓടിക്കാനും സാധിക്കും. ചൈനയുടെ ആഭ്യന്തര കാര്യമാണെന്നു പറയുമ്പോഴും ഇത്രയും ബൃഹദ് പദ്ധതി മറ്റു രാജ്യങ്ങളെയും ബാധിക്കുമെന്നാണു കരുതുന്നത്.

∙ എന്താണ് കൃത്രിമ മഴ, പെയ്യുന്നതെങ്ങനെ?

cloud-seeding
ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച പ്രത്യേക വിമാനം

സ്വാഭാവിക മഴ പെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. വേനലില്‍ ഭൂമിയുടെ കരപ്രദേശങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ സാന്ദ്രത നിറഞ്ഞ അന്തരീക്ഷവായു മേലോട്ടുയരുന്നു. മുകളിലേക്കു പോകുന്തോറും അന്തരീക്ഷമര്‍ദം കുറയും. ഇതോടെ വായു വികസിച്ച്, തണുത്ത് മേഘങ്ങള്‍ ഉണ്ടാകുന്നു. വായുവിലെ പൊടി, പുക മുതലായ സൂക്ഷ്മകണങ്ങള്‍ കേന്ദ്രമാക്കി ജലകണങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് വലിയ ജലകണങ്ങളാകുകയും താഴേക്ക് മഴയായി വീഴുകയും ചെയ്യുന്നു. എന്നാല്‍, പലപ്പോഴും മഴ പെയ്യാതെ മേഘങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. ഈ അവസരത്തിലാണു കൃത്രിമ മഴയുടെ സാധ്യത തെളിയുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്ക്കു പറയുന്നത്.

മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിക്കും. ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച പ്രത്യേക വിമാനം ഉപയോഗിച്ചാണു മേഘങ്ങളിൽ രാസപദാർഥം വിതറുക. അത്യാധുനിക സോഫ്റ്റ്‌വെയറുകൾ സംയോജിപ്പിച്ച റഡാറുകളുടെ സഹായത്താലാണ് മേഘങ്ങളെ കണ്ടെത്തുന്നത്. ഭൂമിയിൽനിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘങ്ങളാണ് ഉത്തമമെന്നാണ് വിദഗ്‌ദാഭിപ്രായം.

‘വിത്ത്’ വിതയ്‌ക്കപ്പെടുന്ന മേഘത്തിന്റെ താപനില മൈനസ് രണ്ടു ഡിഗ്രിക്കും മൈനസ് 14 ഡിഗ്രി സെൽഷ്യസിനും മധ്യേ ആയിരിക്കണം. മേഘങ്ങൾ കൃത്രിമമായി നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഎസ് രസതന്ത്രജ്‌ഞനും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞനുമായ വിൻസന്റ് ഷെയ്‌ഫർ ആണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബർണാഡ് വോൺഗട്ട്, പ്രഫ. ഹെന്റി ചെസിൻ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.

511526284

∙ 5 വർഷം, മുതൽമുടക്ക് 10,000 കോടിയോളം

കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്. അവിടവിടെയായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നതാണ് ആദ്യപടി. ഇതിനായി ചില രാസവസ്‌തുക്കൾ ഉപയോഗിക്കും. ഒരു നിശ്‌ചിത പ്രദേശത്തുള്ള മേഘടപലങ്ങളെയെല്ലാം മഴ പെയ്യിക്കേണ്ട സ്‌ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചു കൂട്ടാനാകും. അടുത്തതായി വെള്ളത്തുള്ളികൾ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്‌മ കണികകൾ ഒരുമിക്കണം. രാസവസ്‌തുക്കൾ പ്രയോഗിക്കുമ്പോൾ വേഗത്തിൽ ഒരുമിച്ചുകൂടും. ഈ സമയത്തു ചെറു ജലകണങ്ങൾ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്‌തുക്കൾ വിതറിക്കൊടുക്കും. ഇതിനു ചുറ്റുമാണു ജലകണങ്ങൾ രൂപമെടുക്കുക. മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറു ജലകണങ്ങൾ രൂപം കൊള്ളുകയാണ് അടുത്തതായി വേണ്ടത്.

ഇതിനായി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥങ്ങൾ ചേർക്കും. ഇതോടെ ജലകണികകൾക്കു വലുപ്പം കൂടുകയും ഗുരുത്വാകർഷണം മൂലം മഴയായി താഴേക്കു പതിക്കുകയും ചെയ്യുന്നു. കൊടുംവരൾച്ചയ്ക്കു കൃത്രിമ മഴ ശാശ്വത പരിഹാരമല്ലെന്നാണു വിദഗ്ധർ പറയുന്നത്. മേഘങ്ങളിൽ വിതറുന്ന സൂക്ഷ്മവസ്തുക്കൾ കാൻസർപോലുള്ള രോഗങ്ങളുണ്ടാക്കുമോ, മഴവെള്ളത്തിന്റെ സ്വാഭാവിക ഗുണത്തിനും മണത്തിനും മാറ്റമുണ്ടാകുമോ, ഉദ്ദേശിച്ച ഫലപ്രാപ്തി കാണുമോ എന്നിങ്ങനെ പോകുന്നു ആശങ്കകൾ. എന്നാൽ, പല സംശയങ്ങൾക്കും അടിസ്ഥാനമില്ലെന്നു പഠനങ്ങൾ പറയുന്നു. ആഗോള കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) കർശന മാർഗനിർദേശങ്ങൾക്കു വിധേയമായാണു പല രാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങൾ നടത്താറുള്ളത്.

ഉപയോഗിക്കുന്ന കണങ്ങളുടെ അളവ്, പ്രകൃത്യാ അന്തരീക്ഷത്തിലുള്ള അവയുടെ അളവിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണുള്ളത്. അതായത്, ദിവസവും അന്തരീക്ഷത്തിലേക്കു വിവിധ കാരണങ്ങളാൽ ബഹിർഗമിക്കുന്ന സൂക്ഷ്മകണങ്ങളുടെ അളവ് സീഡിങ്ങിന് ഉപയോഗിക്കുന്നതിന്റെ നൂറു മടങ്ങോളം വരുമെന്നർഥം. ക്ലൗഡ് സീഡിങ് വളരെ ചെറിയ പ്രദേശത്തു മാത്രം (നൂറു ചതുരശ്ര കിലോമീറ്ററിൽ താഴെ) നടത്തുന്ന ക്ഷണികമായ പ്രതിഭാസമായാണ് ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാൽ ചൈന ഈ നിയന്ത്രണങ്ങളെല്ലാം മറികടന്നാണു മുന്നോട്ടു പോകുന്നത്. അത്യപൂർവമായ വരൾച്ചയ്ക്കുള്ള തീർത്തും താൽക്കാലികമായ ഒറ്റമൂലി മാത്രമാണു കൃത്രിമ മഴയെന്നും സീഡിങ്ങിനു വേണ്ടിവരുന്ന വലിയ പണച്ചെലവും ഫലപ്രാപ്തിയിലെ അനിശ്ചിതത്വവും വെല്ലുവിളിയാണെന്നും ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

INDIA-CHINA-CONFLICT-BORDER
കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശം

ക്ലൗഡ് സീഡിങ്ങിലെ അനിശ്ചിതത്വമൊന്നും ചൈനയെ പിന്തിരിപ്പിച്ചില്ലെന്ന് അവരുടെ മുതൽമുടക്ക് കണ്ടാലറിയാം. 2012നും 2017നും ഇടയ്ക്കു വിവിധ കാലാവസ്ഥാ നിയന്ത്രണ പരിപാടികൾക്കായി 1.34 ബില്യൻ ഡോളർ (ഏകദേശം 9889 കോടി രൂപ) ആണ് ചൈന നിക്ഷേപിച്ചത്. രാജ്യത്തിന്റെ പ്രധാന കാർഷിക മേഖലയായ സിൻജിയാങ്ങിൽ ആലിപ്പഴം വീഴ്ച മൂലമുള്ള നാശനഷ്ടം 70 ശതമാനം കുറയ്ക്കാൻ കാലാവസ്ഥാ നിയന്ത്രണം സഹായിച്ചെന്ന് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്. കാർഷിക രാജ്യമായ ഇന്ത്യയിൽ മൺസൂണിനെ ആശ്രയിച്ചാണു കൃഷിയിറക്കുന്നത്. ഇതിനെ താളം തെറ്റിക്കാനും കാലാവസ്ഥാ വ്യതിയാനത്തിനും ചൈനയുടെ ഇടപെടലുകൾ കാരണമാകുമോ എന്ന് ആധിയുണ്ട്.

∙ സൈനിക നീക്കങ്ങളെ ബാധിക്കുമോ?

India-China-border
ഇന്ത്യ–ചൈന അതിർത്തി പ്രദേശം

കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും ആയിരക്കണക്കിനു സൈനികർ മാസങ്ങളായി മുഖാമുഖം നിൽക്കുകയാണ്. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത്യാധുനിക ആയുധങ്ങളാണ് ഇരുകൂട്ടരും അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. ഇതിനിടെയാണ്, അതിർത്തിയിൽനിന്ന് 2 കിലോമീറ്റർ ഉള്ളിലായി ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന സ്വന്തം ഗ്രാമം സ്ഥാപിച്ചെന്ന റിപ്പോർട്ടും അതിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നത്. ദോക്‌ലായിൽനിന്ന് 9 കിലോമീറ്റർ അകലെ പുതുതായി നിർമിച്ച പാങ്ഡ ഗ്രാമത്തിനു പുറമെ പ്രദേശത്തു റോഡും ചൈന ഒരുക്കി. 2017ൽ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമായ ദോക്‌ലായിലെ സോംപൽറി (ജംഫേരി) മുനമ്പ് വരെ ചൈനീസ് സൈന്യത്തിന് എത്താവുന്ന സമാന്തര പാതയാണ് പുതിയ റോഡെന്നാണു നിഗമനം.

ദോക്‌ലായിൽ ഭൂട്ടാൻ – ചൈന അതിർത്തിയിൽ ആയുധ ബങ്കറുകൾ ചൈന സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. അതിർത്തിയിൽ ഇങ്ങനെ പ്രകോപനപരവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിക്കുന്ന ചൈന, കാലാവസ്ഥാ പരിഷ്കരണം നടപ്പാക്കുമ്പോൾ അതീവശ്രദ്ധ വേണമെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്. മഞ്ഞുമൂടിയ കടുത്ത കാലാവസ്ഥയിലാണ് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നത്. ദുർഘടമായ മലമ്പാതകളിലൂടെ അതിവേഗമുള്ള സൈനിക നീക്കങ്ങൾക്കും പരിമിതിയുണ്ട്. എന്നാൽ, ചൈനീസ് സൈന്യത്തിന് അനുകൂലമായ തരത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനും ചൈന ശ്രമിച്ചേക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. ഹിമാലയത്തിലെ കാലാവസ്ഥ കൈപ്പിടിയിലൊതുക്കി മേഖലയുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുമോ? അപ്പുറത്ത് ചൈന ആയതിനാൽ ആ നിലയ്ക്കുള്ള ആശങ്കകൾക്കും സ്ഥാനമുണ്ട്.

പ്രധാന തർക്ക വിഷയമായ ജലം ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ ചൈന ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏഷ്യയിലെ വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയിൽ ഭീമൻ ജലവൈദ്യുത പദ്ധതി നിർമിച്ചാണു പടയ്ക്കു കളമൊരുക്കുന്നത്. അടുത്ത വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന പഞ്ചവത്സര പദ്ധതിയിലാണു ഡാമിനു നിർദേശമുള്ളത്. ബ്രഹ്മപുത്രയിൽ വമ്പൻ ഡാം പണിതാൽ ഇന്ത്യക്കാർ വലിയ ദുരിതം നേരിടേണ്ടിവരും. യാർലങ് സാങ്ബോ നദിയുടെ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) താഴ്‌വരയിൽ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ സാധിക്കുമെന്നുമാണു ചൈന പറയുന്നത്. ഡാമിൽ വെള്ളം നിറയ്ക്കുന്നതോടെ താഴേക്കു നീരൊഴുക്ക് കുറയും. തുറന്നുവിട്ടാലോ താ‍ഴ്‍ഭാഗം വെള്ളത്തിലാകും. ഈ സാഹചര്യത്തിൽ ചൈനയുടെ സ്വപ്ന പദ്ധതി ഇന്ത്യയ്ക്കു ഹിമാലയൻ വാട്ടർബോംബ് ആകുമെന്നാണു വിലയിരുത്തൽ.

കാലവർഷത്തിൽ മേയ്– ഒക്ടോബർ മാസങ്ങളിൽ ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നതിനു ചൈനയുമായി ഇന്ത്യയ്ക്കു പ്രത്യേക കരാറുണ്ട്. ഈ ഡേറ്റ പരിശോധിച്ചാണ് ഇന്ത്യ മുന്നറിയിപ്പുകൾ നൽകുന്നത്. ദോക്‌ലാ സംഘർഷ സമയത്ത്, 2017ൽ ഈ ഡേറ്റ നൽകാൻ ചൈന മടിച്ചു. അസമിൽ ഉൾപ്പെടെ ഏതു ഭാഗത്താണു വെള്ളപ്പൊക്കമുണ്ടാകുക എന്ന ഭയത്തിലായിരുന്നു ജനങ്ങൾ കഴിഞ്ഞ‍ത്. കുറച്ചുകാലമായി ജലം, മഴ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈന ഇന്ത്യയ്ക്കു കൃത്യമായി കൈമാറുന്നില്ല. ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാത്തതിനാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ സാധിക്കില്ലെന്നും കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും സൈനികമായും കടന്നുകയറാൻ ഉത്സാഹം കാണിക്കുന്ന ചൈന ഇനി അയൽരാജ്യങ്ങളുടെ മഴയും കാലാവസ്ഥയും മോഷ്ടിക്കാനും ഇടയുണ്ട്.

English Summary: China to expand weather modification program to cover area larger than India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com