ADVERTISEMENT

മുംബൈ∙ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തില്‍ താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിൽ ഡപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 18 കോൺഗ്രസ് വിമത കോർപറേറ്റർമാർ എൻസിപിയിൽ ചേർന്നു. കോൺഗ്രസും എൻസിപിയും ശിവസേനയും മഹാ വികാസ് അഘാഡി സർക്കാരിൽ സഖ്യകക്ഷികളായിരിക്കെയാണ് പാർട്ടിമാറ്റം. 

90 അംഗ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, വിമതർ ബിജെപിയെ  പിന്തുണച്ചതോടെ മേയർ പദവി കോൺഗ്രസിനു നഷ്ടമായി. തുടർന്ന്, പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകുകയും അയോഗ്യരാക്കാൻ നീക്കം നടത്തുകയും ചെയ്തിരിക്കെയാണ് എൻസിപിയിലേക്കുള്ള ചേക്കേറൽ. സ്വീകരിച്ചില്ലെങ്കിൽ അവർ  എതിർപാളയത്തിലേക്കായിരിക്കും നീങ്ങുകയെന്നതു കണക്കിലെടുത്താണു നീക്കമെന്ന് എൻസിപി പറയുന്നു.  

ശിവസേനയെ ‘കൂടുതലടുപ്പിക്കാൻ’ എൻസിപി‌‌

മുംബൈ∙ മഹാരാഷ്ട്രയിൽ ശിവസേനയുമായി ദീർഘകാല സഖ്യത്തിന് ശ്രമവുമായി എൻസിപി. പ്രാദേശികതലത്തിലുള്ള ഭിന്നതകൾ പരിഹരിച്ച് ശിവസേനയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ താഴെത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും മുതിർന്ന നേതാവ് അജിത് പവാർ നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ചുചേർത്ത പാർട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണിത്.

മഹാ വികാസ് അഘാഡിയിലെ മൂന്നാമത്തെ സഖ്യകക്ഷിയായ കോൺഗ്രസിനെക്കുറിച്ച് ഒന്നും പറയാതെയാണ് അജിത് പവാറിന്റെ ആഹ്വാനം. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ദുർബലമായിരിക്കെ, അവഗണന നേരിട്ടാലും അഘാഡിയിൽ ഭരണസഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് പിടിച്ചുനിൽക്കുമെന്നാണ് എൻസിപിയുടെ കണക്കുകൂട്ടൽ.

English Summary: Maharashtra: 18 Congress corporators join NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com