ADVERTISEMENT
ന്യൂഡൽഹി ∙ ഗംഗ – യമുന സംസ്കൃതിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉത്തർ പ്രദേശ് വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും  പ്രഭവകേന്ദ്രമായി മാറിയെന്ന്   മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള കത്തിൽ 104 മുൻ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ ആരോപിച്ചു. വിവാദമായ  മതപരിവർത്തന നിരോധന ഓർഡിൻൻസ് ഭരണഘടനാവിരുദ്ധമാണെന്നും അത് ഉടനെ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സർക്കാർ സ്ഥാപനങ്ങൾ വർഗീയ വിഷയത്തിൽ ആണ്ടുപോയിരിക്കുകയാണ്. പൗരൻമാരെ തമ്മിലടിപ്പിക്കുന്നതിലും കൂടുതലായ ദ്രോഹം രാജ്യത്തിനു ചെയ്യാനില്ല. ഇത്തരൊരു സ്ഥിതി ശത്രുക്കൾക്കു മാത്രമേ ഗുണം ചെയ്യൂ. ശത്രുക്കളിൽ ഭിന്നതയുണ്ടാക്കാനാണ് മിടുക്കനായ രാഷ്ട്രീയക്കാരൻ ശ്രമിക്കേണ്ടതെന്നാണ് ചാണക്യൻ പഠിപ്പിച്ചത്. എന്നാൽ, താങ്കൾ നമ്മുടെ സ്വന്തം ജനത്തിനിടയിൽ ഭിന്നതയുണ്ടാക്കുകയാണ് – കത്തിൽ പറയുന്നു.

ശിവശങ്കർ മേനോൻ, നിരുപമ റാവു, ജൂലിയോ റിബെയ്റോ, ടി.കെ.എ.നായർ, അനിത അഗ്നിഹോത്രി, സലാഹുദ്ദീൻ അഹമ്മദ്, എം.ജി.ദേവസഹായം, കെ.പി.ഫേബിയൻ, രാഹുൽ ഖുല്ലർ, പി.കെ.ലാഹ്രി, വാപ്പാല ബാലചന്ദ്രൻ, പി.ജി.ജെ.നമ്പൂതിരി, പി.വി.രമേശ്, സി.ബാബു രാജീവ്, പി.ജോയ് ഉമ്മൻ, ആർ.എം.പ്രേംകുമാർ, ജി.ബാലഗോപാൽ, സി.ബാലകൃഷ്ണൻ, മീന ഗുപ്ത, വിജയ ലത റെഡ്ഡി, അശോക് വാജ്പേയി, പി.എസ്.എസ്.തോമസ്, നിതിൻ ദേശായ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്.

രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും ഭരണഘടനയിൽ നിർവചിക്കുന്ന ഇന്ത്യയെന്ന ആശയത്തോടുള്ള പ്രതിബദ്ധതയാണ് കത്തിനു കാരണമെന്നും മുൻ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിവാദ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലുണ്ടായ ചില നടപടികൾ എങ്ങനെ പൗരൻമാർക്ക് പീഡനവും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമായെന്ന് കത്തിൽ വിശദീകരിക്കുന്നു.

ഏകാധിപത്യ രാജ്യങ്ങളിലെ സീക്രട്ട് ഏജന്റ്മാരെപ്പോലെയാണ് യുപി പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസിന്റെ പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അധികാര ദുർവിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

English Summary: UP is now epicentre of politics of hate, 104 ex-bureaucrats write to Yogi Adityanath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com