ADVERTISEMENT

ന്യൂഡൽഹി ∙ വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ശനിയാഴ്ച പുറത്തിറക്കിയ എസ്ഒപിയിൽ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യേഴ്സ്) പറയുന്നു.

ജനുവരി എട്ടു മുതലാണു യുകെയിൽനിന്നുള്ള സർവീസ് പുനഃരാരംഭിക്കുന്നത്. വിമാനത്തിൽ കയറുന്ന എല്ലാ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്നു വിമാനക്കമ്പനികൾ ഉറപ്പാക്കണം. ഇന്ത്യയിൽ വന്നിറങ്ങുന്ന യാത്രക്കാർ സ്വന്തം ചെലവിൽ ആർടി–പിസിആർ പരിശോധന നിർബന്ധമായും നടത്തണം. പരിശോധനയിൽ നെഗറ്റീവായാലും വരുന്നവരെല്ലാം 14 ദിവസം വീട്ടുനിരീക്ഷണത്തിൽ ഇരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

മറ്റ് ഉത്തരവുകളില്ലെങ്കിൽ ജനുവരി 30 വരെയാണ് എസ്ഒപിയുടെ പ്രാബല്യം. രാജ്യാന്തര വിമാനയാത്രക്കാർ നിലവിൽ 14 ദിവസത്തെ യാത്രാചരിത്രവും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും നൽകേണ്ടതുണ്ട്. യുകെയിൽനിന്നുള്ളവരും യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ഓൺലൈനായി സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇവർക്കായി ഹെൽപ് ഡെസ്ക് തുടങ്ങണമെന്നും സർക്കാർ നിർദേശിച്ചു. ആദ്യഘട്ടത്തിൽ, ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങളാണു യുകെയിൽനിന്ന് ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത്.

English Summary: RT-PCR tests, 14-day quarantine on arrival: Govt issues SOPs for passengers from UK amid fear of new strain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com