ADVERTISEMENT

വാഷിങ്ടന്‍∙ അമേരിക്കയില്‍ ഗര്‍ഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ജോ ബൈഡന്‍ പ്രസിഡന്റ്ാകുന്നതിനു മുമ്പ് നടപ്പാക്കാന്‍ വഴിയൊരുക്കി യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധി. ജയില്‍ വകുപ്പ് തീരുമാനിച്ചതു പ്രകാരം ജനുവരി 12ന് ശിക്ഷ നടപ്പാക്കാമെന്നാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്. 

ലിസയുടെ വധശിക്ഷ ഡിസംബറില്‍നിന്ന് മാറ്റിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനല്‍ വിധിച്ചു. ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലിസയുടെ അഭിഭാഷകനു കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്. 

വധശിക്ഷയെ എതിര്‍ക്കുന്ന ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതിനു മുമ്പു തന്നെ ലിസയുടെ ശിക്ഷ നടപ്പാകാനാണു വഴിയൊരുങ്ങിയിരിക്കുന്നത്. അപ്പീല്‍ നല്‍കുമെന്നാണ് ലിസയുടെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. ശിക്ഷ നടപ്പായാല്‍ 70 വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. 1953ല്‍ ബോണി ഹെഡി എന്ന വനിതയെയാണ് ഇതിനു മുമ്പ് ഗ്യാസ് ചേംബറില്‍ വധശിക്ഷ നടപ്പാക്കിയത്. 

ആരാണ് ലിസ മോണ്ട്‌ഗോമറി

2004ല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്കു വധശിക്ഷ വിധിച്ചത്. മിസൗറിയില്‍ ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിനെറ്റ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാന്‍സാസില്‍നിന്ന് നായ്ക്കുട്ടിയെ വാങ്ങാനെന്നപേരില്‍ ബോബിയുടെ വീട്ടിലെത്തിയ ലിസ, ഒരു കയറ് കൊണ്ട് അവരെ കഴുത്തു മുറുക്കി ബോധരഹിതയാക്കി. പിന്നീട് കത്തി കൊണ്ടു വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പിന്നീടു പൊലീസ് രക്ഷപ്പെടുത്തി പിതാവിനു കൈമാറി. 

2007-ല്‍ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവര്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം ചെറുപ്പത്തില്‍ മര്‍ദനമേറ്റ ലിസയ്ക്ക് തലച്ചോറിനു ക്ഷതമേറ്റിരുന്നുവെന്നും അവര്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു. മുപ്പത്തിയാറുകാരിയായ ലിസയ്ക്കു നാല് കുട്ടികളുണ്ടായിരുന്നു. ഇനി ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതു വലിയ മാനസികസംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് നായ്ക്കളെ വളര്‍ത്തിയിരുന്ന ബോബിയെ കണ്ടെത്തിയതും അതിക്രൂരമായി കൊന്ന് കുഞ്ഞിനെ എടുത്തതും.

English Summary: Execution date for the only woman on federal death row is reinstated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com